പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ വികസന രേഖയിൽ ഗുരുതര വീഴ്ച. നിലവിലെ എം.പിയെ ഒഴിവാക്കി പഴയ എം.പിയുടെ പേര് അച്ചടിച്ചു വച്ച വികസന രേഖയിൽ തെറ്റ് ബോദ്ധ്യമായപ്പോൾ സ്റ്റിക്കർ ഒട്ടിച്ച് തിരുത്തി. ഇതേ തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. പഞ്ചായത്ത് കമ്മിറ്റിയിൽ വച്ചു തന്നെ വികസന രേഖ കത്തിച്ചു. എന്നാൽ ഇന്ന് കമ്മറ്റിയിൽ വിതരണം ചെയ്ത കോപ്പികൾ മെമ്പർമാർ പരിശോധിച്ച് തെറ്റ് തിരുത്തുന്നതിന് വേണ്ടിയായിരുന്നു എന്നും പുതിയ വികസന രേഖ പ്രിന്റ് ചെയ്ത് നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പ്രതിഷേധത്തിന് യു.ഡി.എഫ് മെമ്പർമാരായ പച്ച രവി, പി. രാജീവൻ, സിഗ്നി, സുജിത്ത്, ദീപാ ജോസ്, ജ്യോതിഷ, ബിന്ദു എന്നിവർ നേതൃത്വം നൽകി.