varane
photo

തിരുവനന്തപുരം: സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത, ദുൽഖർ സൽമാൻ നായകനായ ​'വരനെ ആവശ്യമുണ്ട്" സിനിമയ്ക്ക് തിയേറ്ററുകളിൽ വൻ വരവേൽപ്പ്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന സിനിമയിൽ,​ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയാണ് നായിക. പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്ന സിനിമ സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരെയെല്ലാം ഒരുപോലെ പ്രീതിപ്പെടുത്തുന്ന ഫീൽഗുഡ് മൂവിയാണ്.

ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ കഴിയുന്ന നീനയുടെയും​ മകൾ നികിതയുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

വൈകാരികതയുടെ അതിപ്രസരമില്ലാതെ,​ ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കുന്ന അനുഭൂതിയാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. ലളിതമായ പ്രമേയത്തിന് ഉതകുന്ന വിധം ലളിതമായ അവതരണ രീതി. നമുക്കിടയിലുള്ളവരുടെ ജീവിതമാണ് വെള്ളത്തിരയിലെന്ന തോന്നൽ പ്രേക്ഷകനിൽ ഉളവാക്കാൻ ചിത്രത്തിനായി.

ഏഴ് വർഷങ്ങൾക്ക് ശേഷം മലയാളസിനിമയിലേക്ക് ശോഭന മടങ്ങിയെത്തിയെന്ന പ്രത്യേകതയുമുണ്ട്. ഒരിടവേളയ്ക്ക് ശേഷമെത്തുന്ന സുരേഷ് ഗോപിയും ശോഭനയും ചേർന്നുള്ള രംഗങ്ങൾ പ്രേക്ഷകർക്ക് മണിചിത്രത്താഴ് സിനിമയിലെ നകുലൻ - ഗംഗ നൊസ്റ്റാൾജിയ സമ്മാനിക്കുന്നുണ്ട്. ഗംഗേ... എന്നുള്ള വിളി ചിത്രത്തിൽ പുനരാവിഷ്‌കരിക്കുന്നുണ്ട്. അതിഥിവേഷത്തിലെത്തിയ ഉർവശി,​ സത്യൻ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ കെ.പി.എ.സി ലളിത എന്നിവരും കഥാപാത്രങ്ങൾ ജീവസുറ്റതാക്കി. സംവിധായകരായ മേജർ രവി, ലാൽ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോൻ, മീര കൃഷ്ണൻ എന്നിവരും മികച്ച അഭിനയം കാഴ്ചവച്ചു.