thomas-issac

രാജ്യം മൊത്തത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിലും വികസന സ്തംഭനമുണ്ടാകാത്തവിധം വൈവിദ്ധ്യമാർന്ന നടപടികളിലൂടെ സംസ്ഥാനത്തെ മുന്നോട്ടു നയിക്കാനുതകുന്നതാണ് ധനമന്ത്രി ഡോ. തോമസ് ഐസക് വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റ്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭ അഞ്ചുവർഷംകൊണ്ടു നടപ്പാക്കിയ കാര്യങ്ങൾ നാലുവർഷംകൊണ്ട് പൂർത്തിയാക്കാൻ സാധിച്ചത് എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടമായി അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. 1103 കോടിരൂപയുടെ അധിക നികുതി ഏർപ്പെടുത്തി വരുമാനം കൂട്ടാൻ ശ്രമിക്കുന്ന ധനമന്ത്രി വികസന-ക്ഷേമ പദ്ധതികൾക്കാണ് പതിവുപോലെ ഉൗന്നൽ നൽകിയിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ ഭൂമിയുടെ ന്യായവില പത്തുശതമാനം കണ്ടു വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം ബഡ്‌ജറ്റിലുണ്ട്. കെട്ടിട നികുതിയും കൂട്ടും. റവന്യൂ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ ഉയർത്തി അധികവരുമാനം ഉറപ്പാക്കുന്നു. വാഹന നികുതിയിലുമുണ്ട് കാര്യമായ വർദ്ധന. പുതുതായി സൃഷ്ടിക്കുന്ന അധിക വരുമാനത്തിന്റെ സിംഹഭാഗവും എത്തുന്നത് ഇൗ മേഖലകളിൽ നിന്നാവും. ത്രാണിയുള്ളവരിൽ നിന്ന് അധിക നികുതി ഇൗടാക്കുന്നതിൽ അധാർമ്മികതയൊന്നുമില്ല. മാത്രമല്ല ഇനിയും വേറെ എത്രയോ മേഖലകൾ ധനമന്ത്രിയുടെ കണ്ണിൽപ്പെടാതെ കിടക്കുന്നുമുണ്ട്. അവയൊന്നും സ്പർശിക്കാതെയാണ് അധികവരുമാനം സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടി പ്രാബല്യത്തിലുള്ളതിനാൽ പണ്ടേപ്പോലെ എല്ലാറ്റിനും നികുതി കൂട്ടാൻ ഇപ്പോൾ സാദ്ധ്യമല്ല. അതിനാൽ ആകാവുന്ന മേഖലകളിൽ നിന്ന് പരമാവധി നികുതി ഉൗറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇങ്ങനെ 1103 കോടിരൂപയുടെ അധിക നികുതി അടിച്ചേല്പിക്കുമ്പോഴും ജി.എസ്.ടി കുടിശികയിനത്തിൽ കോടാനുകോടികൾ പിരിച്ചെടുക്കാനുണ്ടെന്ന വസ്തുത മറന്നുകൂടാ.

രാജ്യത്തെ എല്ലാ ധനമന്ത്രിമാരും നേരിടുന്ന പ്രശ്നം തന്നെയാണ് ഡോ. തോമസ് ഐസക്കും അഭിമുഖീകരിക്കേണ്ടിവരുന്നത്. വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാനുള്ള വലിയ അഭ്യാസമാണ് ബഡ്‌ജറ്റുകളിലൂടെ ധനമന്ത്രിമാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഏതായാലും വിമർശനങ്ങളെക്കാൾ കൈയടി നേടുന്നതാണ് ഡോ. ഐസക്കിന്റെ പുതിയ ബഡ്‌ജറ്റ് എന്ന് നിസംശയം പറയാം.

സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ കേരളത്തിന്റെ നില ദേശീയതലത്തിലുള്ളതിനെക്കാൾ ഏറെ മെച്ചമാണെന്നാണ് വ്യാഴാഴ്ച നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് അവകാശപ്പെടുന്നത്. കൃഷിമേഖല വലിയ തിരിച്ചടി നേരിട്ടപ്പോൾ വ്യവസായ മേഖല നല്ല ഉണർവ് കാണിച്ചു. പുതിയ ബഡ്‌ജറ്റിൽ സർവമേഖലകളെയും കൂടുതൽ ഉത്തേജിപ്പിക്കാനും അതിലൂടെ വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള ആത്മാർത്ഥമായ ശ്രമം കാണാം.ചെലവുകൾ കർക്കശമായി നിയന്ത്രിക്കേണ്ടതിനാൽ ഇക്കുറി സാമൂഹിക സുരക്ഷാപദ്ധതികൾക്ക് കീഴിൽ പെൻഷൻ ഉൾപ്പെടെയുള്ളവ വർദ്ധിപ്പിക്കാനിടയില്ലെന്ന ധാരണ തിരുത്തി എല്ലാ സാമൂഹിക സുരക്ഷാ പെൻഷനും നൂറുരൂപ വർദ്ധിപ്പിച്ച് 1300 രൂപയായി ഉയർത്തിയത് അൻപത് ലക്ഷത്തോളം പേർക്കാണ് ഗുണകരമാകുന്നത്. അതുപോലെ ആശാവർക്കർമാരുടെയും പ്രീപ്രൈമറി അദ്ധ്യാപകരുടെയും വേതനത്തിലും ചെറിയൊരു വർദ്ധന വരുത്തിയിട്ടുണ്ട്. 25 രൂപയ്ക്ക് ഉൗണ് ലഭിക്കുന്ന ആയിരം കുടുംബശ്രീ ഭക്ഷണശാലകൾ ബഡ്‌ജറ്റിലെ നൂതന ആശയമാണ്.

പുതിയ ബഡ്‌ജറ്റിലും ധാരാളം പ്രഖ്യാപനങ്ങൾ കാണാം. പദ്ധതി നിർവഹണത്തിന്റെ കണക്കെടുക്കുമ്പോഴാണ് യാഥാർത്ഥ്യം മനസിലാവുക. കഴിഞ്ഞ ബഡ്‌ജറ്റിലെ പദ്ധതികളിൽ പലതിന്റെയും പകുതിപോലും പൂർത്തിയാക്കാനായിട്ടില്ല. മരാമത്തുവകുപ്പ് മാത്രമാണ് അനുവദിച്ച തുകയിലും അധികം ചെലവഴിച്ച് വലിയ നേട്ടമുണ്ടാക്കിയത്. മരാമത്തുവകുപ്പ് കഴിഞ്ഞാൽ പദ്ധതിപ്പണം 75 ശതമാനവും വിനിയോഗിച്ചതിന്റെ ഖ്യാതി ആരോഗ്യവകുപ്പിനാണ്. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗവും പൊതുവേ മന്ദഗതിയിൽത്തന്നെ. ബഡ്‌ജറ്റിൽ അനുവദിക്കുന്ന പദ്ധതികളുടെ നടത്തിപ്പ് എത്രയോ കാലമായി ഇത്തരത്തിലാണ്. സമയത്തും കാലത്തും പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമ്പോഴാണ് സമൂഹത്തിന് അതിൽനിന്നുള്ള പ്രയോജനം അനുഭവവേദ്യമാകുന്നത്.

സാമ്പത്തിക വളർച്ചയും സാധാരണക്കാരുടെ ഉന്നമനവും ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പദ്ധതികൾ ധനമന്ത്രി ഇക്കുറിയും പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ അടുത്തവർഷം ഒരുലക്ഷം വീടുകളും ഫ്ളാറ്റുകളും നിർമ്മിക്കാനുള്ള തീരുമാനം എല്ലാവർക്കും പാർപ്പിടമെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പാകും. തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും വികസനത്തിനും വലിയ തുകതന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആയിരംകോടി രൂപയുടെ പുതിയ ഗ്രാമീണ റോഡുകൾ സംസ്ഥാനത്തുടനീളം തോടുകളുടെ നവീകരണം, കിണറുകളുടെ റീചാർജിംഗ്, നദികളുടെയും പുഴകളുടെയും പുനരുദ്ധാരണം എന്നീ പദ്ധതികൾവഴി ജലസ്രോതസുകളുടെ ശുദ്ധി മെച്ചപ്പെടുത്താനാകും. മാത്രമല്ല ധാരാളം പുതിയ തൊഴിലവസരങ്ങളും ഉണ്ടാകും. പിന്നാക്ക ജില്ലകളുടെ വികസനത്തിന് ഉൗന്നൽ നൽകി ആലപ്പുഴ, വയനാട്, ഇടുക്കി, കാസർകോട് ജില്ലകൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും. കുട്ടനാടിനുമാത്രമായി 2400 കോടിരൂപയുടെ പുതിയ പാക്കേജുമുണ്ട്. വർഷംമുഴുവൻ വെള്ളത്തിന് നടുവിലാണെങ്കിലും കുടിവെള്ളത്തിനായി കേഴുന്ന കുട്ടനാടിനു വേണ്ടി പുതിയ ജലവിതരണ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം ഏറെ സ്വാഗതാർഹമാണ്.

പൊതുമേഖലയിലുള്ള ആലപ്പുഴയിലെ ഒൗഷധ നിർമ്മാണശാലയായ കെ.എസ്.ഡി.പി യിൽ അർബുദ രോഗത്തിനുള്ള ഒൗഷധങ്ങൾ നിർമ്മിക്കാൻ പ്ളാന്റ് സ്ഥാപിക്കും. കെ.എസ്.ഡി.പിയെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം ശേഷിക്കുകയാണ്.ഒൗഷധ വിപണിയിലെ തീവെട്ടിക്കൊള്ള നിയന്ത്രിക്കാൻ പലതും ചെയ്യാനാകുന്ന സ്ഥാപനമാണിത്. വേണ്ടപോലെ പ്രയോജനപ്പെടുത്തണമെന്നുമാത്രം.

അടുത്തവർഷം 1891 പദ്ധതികൾ വഴി പത്തുകോടി ലിറ്റർ പ്രതിദിന ഉത്പാദനശേഷിയുള്ള കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യം. 8521 കോടിരൂപയാണ് ഇതിനായി ചെലവിടുന്നത്. ജനുവരി ആകുമ്പോഴേ കുടിവെള്ളത്തിനായി പരക്കംപായുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതിയാണിത്. സർക്കാരിന്റെ പുതിയ സ്വപ്നപദ്ധതികളിലൊന്നായ സിൽവർ ലൈൻ റെയിൽ പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ഇൗവർഷം തുടങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരത്ത്നിന്ന് കാസർകോടുവരെ നീളുന്ന ഇൗ സെമി സ്പീഡ് റെയിൽപ്പാത പക്ഷേ കേന്ദ്ര ബഡ്‌ജറ്റിൽ ഇടം പിടിച്ചിട്ടില്ല. അനുമതിക്കായി ഭഗീരഥ പ്രയത്‌നം നടത്തിയാലേ സ്വപ്നം സഫലമാവൂ എന്ന് മറക്കരുത്.

എല്ലാ ഇനങ്ങളിലുമായി 142211 കോടി രൂപ വരുമാനം പ്രതീക്ഷിക്കുമ്പോൾ ചെലവ് അതിനും മേലെയായിട്ടാണു കാണുന്നത്. 144254 കോടി. വരവും ചെലവും തമ്മിലുള്ള അന്തരത്തിൽ കാര്യമൊന്നുമില്ലെന്ന സിദ്ധാന്തമുള്ളപ്പോൾ ബഡ്‌ജറ്റിലെ പുതിയ നിർദ്ദേശങ്ങളും പദ്ധതികളും എവ്വിധം നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് വിജയമിരിക്കുന്നത്. അധിക വിഭവ സമാഹരണത്തിനുള്ള നിർദ്ദേശങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ കടുപ്പമായിപ്പോയെന്നു ആരും പറയില്ല. താങ്ങാൻ കെല്പുള്ളവരുടെ തലയിൽത്തന്നെയാണ് ഭാരം വന്നുചേരുന്നതെന്ന പ്രത്യേകതയുമുണ്ട്.

നഗരവികസന പദ്ധതികൾ അനുവദിച്ചപ്പോൾ കൊച്ചിക്ക് 6000 കോടി രൂപ ലഭിക്കും. അതേസമയം തലസ്ഥാനമായ തിരുവനന്തപുരം വിസ്മൃതമാവുകയും ചെയ്തു. കാലാകാലങ്ങളായി നേരിടുന്ന അവഗണനയാണിത്. വികസനത്തിന്റെ കാര്യം വരുമ്പോൾ വാദിക്കാനും ആരുമുണ്ടാകാറില്ല.