കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ സ്വർണക്കടയിലെ പൂട്ട് പൊളിച്ച് 55പവനും 3കിലോ വെള്ളിയും കവർന്നു. തിരുവട്ടാർ മുനവിള സ്വദേശി പരമശിവത്തിന്റെ കടയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയോടെ തിരുവട്ടാർ പൂവങ്കോട് എന്ന സ്ഥലത്തെ തന്റെ സ്വർണക്കട പൂട്ടിയ ശേഷം പരമശിവം വീട്ടിലേക്ക് പോയി.

ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോൾ കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്. കടയിൽ മുഴുവനും മുളക് പൊടി വിതറിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവട്ടാർ പൊലീസും,ഡോഗ് സ്‌ക്വാഡും,ഫോറൻസിക് വിദഗ്ദ്ധരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കടയിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മാസത്തിനുള്ളിൽ ഇത് മൂന്നാമത്തെ മോഷണമാണ്.

മാർത്താണ്ഡത്തെ സ്വർണക്കടകളിൽ തുടർച്ചയായി മോഷണം അരങ്ങേറുകയാണ്.

എന്നാൽ ഒറ്റ കേസിൽ പോലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.