കടയ്ക്കാവൂർ: മണനാക്ക് കൊല്ലമ്പുഴ റോഡിൽ നടപ്പാതയില്ലാതെ കാൽനട യാത്രക്കാർ വലയുന്നു. ഏലാപുറം റൂറൽ സഹകരണ സംഘം മുതലുള്ള കാൽനട യാത്രയിൽ ജീവൻ പണയംവച്ചാണ് യാത്രക്കാർ നടക്കുന്നത്. വിളയിൽ മൂലയിൽ എത്തുന്നത് വരെയാണ് ദുരിതം. അമിത വേഗത്തിൽ പാഞ്ഞു വരുന്ന വാഹനങ്ങൾ കണ്ട് ഭയന്ന് കണ്ണും പൊത്തിനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. നടപ്പാതയിൽ കുറ്റിക്കാടുകൾ വളർന്നതാണ് പ്രശ്നം.
വിളയിൽ മൂലകഴിഞ്ഞാൽ ഇഡ്യൻ ഒാവർസീസ് ബാങ്കിന് മുൻവശമെത്തുന്നതുവരെ നടപ്പാതയിൽ നിറയെ ഗർത്തങ്ങളാണ്. മിൽക്കോജംഗ്ഷൻ കഴിഞ്ഞാൽ കൊല്ലമ്പുഴ പാലം വരെ ഒട്ടും നടപ്പാതയില്ലാത്ത അവസ്ഥയാണ്. ആയുസിന്റെ ബലം കൊണ്ടാണ് കാൽ നടയാത്രക്കാർ അപകടങ്ങൾ ഇല്ലാതെ രക്ഷപ്പെടുന്നത്. പഴയ പോസ്റ്റാഫീസ് ജംഗ്ഷനിൽ നിന്ന് മിൽക്കോ വരെ നടപ്പാതയുണ്ടന്ന് പറയാൻ കഴിയില്ല . റോഡിൻെറ ഇരുവശങ്ങളിലുമുളള നടപ്പാതയിൽ വളർന്ന് നിൽക്കുന്ന കുറ്റിചെടികളും പുല്ലും വെട്ടിമാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.