മുടപുരം: തീരദേശത്തിന്റെ ആശ്രയമായ കയർമേഖല തിരിച്ചുവരവിന്റെ പാതയിൽ. സംസ്ഥാന സ‌ർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ജില്ലയിലെ വിവിധ കയർസംഘങ്ങൾ പുനഃസംഘടിപ്പിച്ചതിന്റെ ഫലമാണ് ഈ മാറ്റം. നാശത്തിന്റെ വക്കിലായിരുന്ന ജില്ലയിലെ പല സംഘങ്ങളിലും കയർ ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്. സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, പുനരുദ്ധാരണ പദ്ധതി, ചകിരി സംഭരണം, തൊണ്ട് സംഭരണം, ആധുനിക യന്ത്രവത്കരണം, കൂലി വർദ്ധന, കടാശ്വാസ പദ്ധതി തുടങ്ങിയവ നടപ്പാക്കുകയാണ്. കൂലി വർദ്ധനവും അടിസ്ഥാന സൗകര്യ വികസനവും തൊഴിലാളികളെ കയർ വ്യവസായത്തിലേക്ക് ആകർഷിക്കാൻ കഴിയുന്നു. ഇതിലൂടെ തീരദേശത്തിന്റെ ആശ്രയമായിരുന്ന കയർ വ്യവസായം പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് തൊഴിലാളികളും കയർസംഘം ഭാരവാഹികളും പറയുന്നത്. വരുന്ന സാമ്പത്തിക വർഷം ജില്ലയിൽ 7000 ക്വിന്റൽ കയർ ഉത്പാദിപ്പിക്കാനാണ് കഴിഞ്ഞ ദിവസം പെരുങ്ങുഴിയിൽ ചേർന്ന ജില്ലയിലെ കയർ സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അവലോകനയോഗം തീരുമാനിച്ചത്.

കഴിഞ്ഞ വർഷങ്ങളിലെ ജില്ലയിലെ

കയർ ഉത്പാദനത്തിന്റെ കണക്ക്
--------------------------------------------------------------------------------------------------

2014 - 15 -- 4432 .34 ക്വിന്റൽ
2015 - 16 -- 4352 .14 ക്വിന്റൽ
2016 -17 -- 4711 . 22 ക്വിന്റൽ
2017 - 18 -- 5747 .90 ക്വിന്റൽ
2018 - 19 -- 5757 .08 ക്വിന്റൽ

ജില്ലയിൽ ഈ വർഷം ലക്ഷ്യമിടുന്നത്

-----------------------------------------------------------

7000 ക്വിന്റൽ ഉത്പാദനം

തൊഴിലാളികളുടെ കൂലി

- 2015 - 300

2019 -350

തിരിച്ചുവരവിന്റെ കാരണങ്ങൾ

--------------------------------------------

 ഉത്പാദന വർദ്ധനവിന് പദ്ധതികൾ
 ഒരു വർഷം 280 - 300 ദിവസം തൊഴിൽ
 തൊഴിലാളികൾക്ക് അപകട ഇൻഷ്വറൻസ്
 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

 കൃത്യമായ ആനുകൂല്യവിതരണം

'തൊണ്ടിന്റെ ലഭ്യതക്കുറവ് വെല്ലുവിളി'

--------------------------------------------------------------------

തൊണ്ടിന്റെ ലഭ്യതക്കുറവാണ് ഇന്ന് വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിൽ ഒരു തേങ്ങയെങ്കിലും ഒരുദിവസം ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല. ഇത് ശേഖരിക്കാൻ കഴിഞ്ഞാൽ തൊണ്ട് ക്ഷാമം പരിഹരിക്കാൻ കഴിയും.

വ്യവസായത്തെക്കുറിച്ചും അതിന്റെ പ്രശ്നങ്ങൾ, കാലാനുസൃത മാറ്റം, ആധുനിക വത്കരണം തുടങ്ങിയവയെക്കുറിച്ച് തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തി. ക്ഷേമ പദ്ധതിയിൽ തൊഴിലാളികളെ ഉൾപ്പെടുത്തി യഥാസമയം അവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്


ആർ. അജിത്ത്, പ്രസിഡന്റ്, പെരുങ്ങുഴി

കയർ വ്യവസായ സഹകരണ സംഘം