02

പോത്തൻകോട്: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തു. പോത്തൻകോട് വാറുവിളാകം അംബുജവിലാസത്തിൽ രമണിയമ്മയുടെ 70 മുട്ടക്കോഴികളെയാണ് ചത്ത നിലയിൽ കാണപ്പെട്ടത്. ഇന്നലെ പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു. വീടിനോട് ചേർന്ന കോഴിപ്പുരയിൽ വളർത്തിയിരുന്ന മുട്ടക്കോഴികളിൽ 70 കോഴികളെയാണ് കൊന്നത്. കോഴിപ്പുരയുടെ ഉറപ്പുള്ള തടി വാതിൽ അടിച്ചു തകർത്ത നിലയിലായിരുന്നു. കോഴിപ്പുരയിലും വീടിന് സമീപത്തും ചിതറിക്കിടക്കുന്ന നിലയിലാണ് കോഴികളുടെ അവശിഷ്ടങ്ങൾ കാണപ്പെട്ടത്. കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു മുട്ടക്കോഴി വളർത്തൽ. കുടുംബശ്രീയിൽ നിന്നും വായ്പയെടുത്താണ് കുടുംബം മുട്ടകോഴി വളർത്തൽ ഉപജീവന മാർഗമാക്കിയത്.പോത്തൻകോട് പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ:പ്രീതി കോഴികളെ പോസ്റ്റ്മോർട്ടം ചെയ്തു. കോഴികളുടെ ശരീരത്തിൽ വലിയ മുറിവുകളില്ലാത്തത് ദുരൂഹത ഉണ്ടാക്കുന്നതായി സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് അംഗം എം.ബാലമുരളി പറഞ്ഞു.