കടലിൽ ഒരു തിര ഉതിരുന്നത് അതിന് ഒഴുകിപ്പരക്കാനുള്ള ഇടമുണ്ടോയെന്ന് അന്വേഷിച്ചിട്ടല്ലെന്ന് നമുക്കറിയാം. അതുപോലെ തന്നെ ഒരു പുഴയൊഴുകുന്നത് അതിന് സമുദ്രത്തിൽ ചെന്ന് ചേരാനുള്ള വഴി അന്വേഷിച്ച് വച്ചിട്ടല്ലെന്നും അറിയാം. ഇതെല്ലാം പ്രകൃതിയുടെ കരുതൽപോലെ സംഭവിക്കുന്നതാണ്. വന്നുചേരുന്നതിനെല്ലാം അതിന്റേതായ ഇടമരുളുക എന്നതാണ് പ്രകൃതിയുടെ സ്വഭാവം. ആകാശമായാലും ഭൂമിയായാലും അന്തരീക്ഷമായാലും സാഗരമായാലും അതിലേക്ക് ചെന്നുചേരുന്ന യാതൊന്നിനെയും നിരസിക്കുന്നില്ല. അതൊക്കെയും സമ്യക്കായും സ്വാഭാവികമായും സംഭവിക്കുന്നതാണ്. ഇതിനാണ് പ്രകൃതം എന്നു പറയുന്നത്. ഇത്തരം സ്വാഭാവികതകൾ എവിടെയെങ്കിലും നിരസിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന് പ്രാകൃതം എന്നാണ് പറയുന്നത്.
പ്രാകൃതമെന്നാൽ പ്രകൃതത്തിന് അല്ലെങ്കിൽ പ്രകൃതിക്ക് യോജിച്ചതല്ലെന്നാണ് അർത്ഥം. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ പ്രകൃതിവിരുദ്ധമായതാണ് പ്രാകൃതം. ഇങ്ങനെ പ്രകൃതിവിരുദ്ധമായത് ചെയ്യാൻ മടിയില്ലാത്തവരായി തീരുന്ന വർഗമായി മനുഷ്യവർഗം മാറുകയാണിന്ന്. എന്തുകൊണ്ടാണ് മനുഷ്യൻ പ്രാകൃതനായിത്തീരുന്നതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ- തത്ത്വജ്ഞാനമില്ലായ്മ.
തത്ത്വജ്ഞാനമുള്ളവൻ പ്രകൃതത്തിന് യോജിച്ചതേ പറയുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂവെങ്കിൽ, തത്ത്വജ്ഞാനമില്ലാത്തവൻ അതിന് വിരുദ്ധമായേ പറയുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ. പ്രാകൃതമെന്നാൽ ഒരുവൻ മറ്റൊരുവനെ കഠിനമായി ഹിംസിക്കുന്നതും ദ്രോഹിക്കുന്നതുമാണെന്നാണ് നമ്മിൽ പലരും മനസിലാക്കി വച്ചിരിക്കുന്നത്. എന്നാൽ അതിൽ ശരിയുടെ ചെറിയ ഒരംശമേയുള്ളൂ. എന്തെന്നാൽ ഒരുവൻ മറ്റൊരുവനെ തന്നിൽ നിന്നന്യമായി കാണുന്നതാണ് പ്രാകൃതത്തിന്റെ അടിസ്ഥാനമെന്നത്. ഈ അന്യതയിൽ നിന്നാണ് അനിഷ്ടമായതെല്ലാം സംഭവിക്കുന്നത്.
ഒരാൾ മറ്റൊരാളിന്റെ ഏതെങ്കിലുമൊരു വസ്തു മോഷ്ടിക്കുന്നതും ബലത്താൽ കൈക്കലാക്കുന്നതും, മറ്റൊരാളിനെ നിന്ദിക്കുന്നതും ഹിംസിക്കുന്നതും ദ്രോഹിക്കുന്നതും, മറ്റൊരാളിനോട് അസത്യം പറയുന്നതും വിവേചനപരമായി പെരുമാറുന്നതും സമഭാവന പുലർത്താതിരിക്കുന്നതും മുതൽ ഒരുവന്റെ വാക്കു കൊണ്ടോ ചിന്തകൊണ്ടോ കർമ്മം കൊണ്ടോ മറ്റൊരുവന് അഹിതമായിത്തീരുന്നതുവരെയും ഈ പ്രാകൃതത്തിന്റെ പല നിലകളാണ്. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അന്തരമാണ് പ്രാകൃതത്തിന്റെ സാമഗ്രി. ഇത്തരമൊരു അന്തരമില്ലെങ്കിൽ ആരും ആർക്കെതിരേയും യാതൊന്നും ചെയ്യാൻ മുതിരുകയില്ല. ഈ സത്യമാണ് എല്ലാ ഗുരുക്കൻമാരും അവരുടെ ദർശനം കൊണ്ടും ഉപദേശങ്ങൾ കൊണ്ടും നമുക്ക് വെളിപ്പെടുത്തി തന്നിട്ടുള്ളത്. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം, അയലുതഴപ്പതിനായി അതിപ്രയത്നം നയമറിയും നരനാചരിച്ചിടേണം, നിന്നിൽ നിൽക്കുന്ന പുരുഷാകൃതി ഏതാണ് അതാണ് ഞാൻ, തന്നിൽ നിന്നന്യമല്ലാതെ എന്നു കാണുന്നു സർവവും തുടങ്ങിയ ഗുരുദേവതൃപ്പാദങ്ങളുടെ വചനങ്ങളെല്ലാം തന്നെ ആ സത്യത്തിന്റെ നിരതിശയമായ വ്യാകരണങ്ങളും ഭാഷ്യങ്ങളുമാണ്.
തത്ത്വമസി, അയമാത്മാ ബ്രഹ്മ, അഹം ബ്രഹ്മാസ്മി, സർവം ഖല്വിദം ബ്രഹ്മ തുടങ്ങിയുള്ള ഉപനിഷദ് വചനങ്ങളും, വസുധൈവ കുടുംബകം എന്ന ആർഷദർശനവും, ലോകാസമസ്താ സുഖിനോഭവന്തു എന്ന ഭാരതാരാമത്തിന്റെ പ്രാർത്ഥനയും, അന്യതയില്ലാത്ത ഏകതയെന്ന പ്രകൃതത്തിന്റെ അമൃതവാണികളാണ്. ഗുരുദേവന്റെ ആത്മസഹോദരർ എന്ന ഏകവചനത്തിൽ ഈ പൊരുളുകളെല്ലാം സമഞ്ജസമായി ഒന്നായി വിളങ്ങി നിൽക്കുന്നത് നമുക്ക് കാണാം. ഈ അദ്വൈതപ്പൊരുൾ കൊണ്ട് മനുഷ്യൻ അവന്റെ ജീവിതത്തിനും വിചാരത്തിനും അടിസ്ഥാനമൊരുക്കണമെന്നതായിരുന്നു ഗുരുദേവന്റെ അഭിലാഷം. 1924-ലെ ശിവരാത്രി നാളിൽ ആലുവാ അദ്വൈതാശ്രമത്തിൽ വെച്ച് നടത്തിയ ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനവും 1888-ലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠയും സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന അരുവിപ്പുറം സന്ദേശവും ഈ ഗുരുദേവേച്ഛയുടെ പ്രായോഗിക വിജ്ഞാപനങ്ങളായിരുന്നു.
എന്തുകൊണ്ടോ ആത്മസാഹോദര്യത്തിന്റെ സൂര്യൻ ഇന്നും മനുഷ്യരിൽ മറഞ്ഞു തന്നെയാണ് നിൽക്കുന്നത്. അതിന്റെ ദൃഷ്ടാന്തങ്ങളാണ് മനുഷ്യർക്കിടയിലെ ഭിന്നിപ്പും അന്യതയും അന്തരവും പ്രകടമാക്കുന്ന പ്രാകൃതാവസ്ഥകളുടെ വിവിധങ്ങളായ അരങ്ങുകളും അരങ്ങേറ്റങ്ങളും. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ മാത്രം ഒന്നിക്കുകയും പ്രകൃതി വസന്തങ്ങളൊരുക്കുമ്പോഴെല്ലാം ഭിന്നിക്കുകയും ചെയ്യുന്ന മനുഷ്യൻ ഇനിയെങ്കിലും മനസ് തുറന്ന് ഈ വക കാര്യങ്ങളെക്കുറിച്ച് ആലോചിക്കണം.
പ്രകൃതിയ്ക്കനുസൃതമായി നിലകൊള്ളാനും വളരാനുമാണ് നമ്മെയെല്ലാം ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നത്. അതല്ലാതെ പ്രാകൃതമായവയൊന്നും ചെയ്യുന്നതിനായിട്ടല്ല. എന്നാൽ ഈയൊരു തിരിച്ചറിവ് ആധുനികവിദ്യകളുടെ തിളക്കത്തിൽ തിളക്കമറ്റു പോകുന്നത് നമ്മൾ തത്ത്വജിജ്ഞാസുക്കളാകാത്തതു കൊണ്ടാണ്. അതുകൊണ്ട് ഏതൊരു വിദ്യ അഭ്യസിക്കുമ്പോഴും തത്ത്വജ്ഞാനത്തിനുള്ള ജിജ്ഞാസ മറഞ്ഞു പോകാതെയിരിക്കാൻ നമുക്ക് ശ്രദ്ധയുണ്ടാകണം. അതാവണം നമ്മുടെ പ്രകൃതം. പ്രകൃതമാണോ പ്രാകൃതമാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവനവൻ തന്നെയാണ്.
ഒരിക്കൽ തത്ത്വജ്ഞാനിയായ ഗുരുവിനെ പരീക്ഷിക്കാൻ പ്രാകൃതവാസനയുള്ള ഒരുവൻ നിശ്ചയിച്ചു. അതിനായി അയാൾ ഒരു ചെറിയ കാടമുട്ട തന്റെ ഉള്ളംകൈയിൽ ഒളിപ്പിച്ചുകൊണ്ട് ഗുരുവിന് അടുത്തെത്തി. എന്നിട്ട് അയാൾ ഗുരുവിനോട് പറഞ്ഞു - അങ്ങ് ഒരു ജ്ഞാനിയാണെങ്കിൽ എന്റെ കൈയിലുള്ളത് എന്താണെന്ന് പറയണം. ഇതുകേട്ട് ഗുരു പറഞ്ഞു - തത്ത്വജ്ഞാനത്തിനായി ഉറപ്പിക്കേണ്ട ശ്രദ്ധ മറ്റുപലതും ഒളിപ്പിച്ചു വയ്ക്കാനായാണ് മനുഷ്യൻ ഉപയോഗിക്കുന്നത്. ഇത് നന്നല്ല. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അയാൾ പിന്നെയും അതേ ചോദ്യം ആവർത്തിച്ചു. അപ്പോൾ ഗുരു പറഞ്ഞു - കൈയിലിരിക്കുന്നത് ഒരു ചെറിയ മുട്ടയാണല്ലോ. അതയാൾ സമ്മതിച്ചു. എന്നാൽ ഗുരുവിനെ ഒന്ന് കുഴപ്പിക്കണമെന്ന ഉദ്ദേശ്യത്തിൽ അയാൾ മറ്റൊരു ചോദ്യം കൂടി ചോദിച്ചു - അത് പൊട്ടിയതോ പൊട്ടാത്തതോ എന്ന് കൂടി അങ്ങ് പറയണം. പൊട്ടിയതാണെന്ന് പറഞ്ഞാൽ പൊട്ടാത്തതും പൊട്ടാത്തതാണെന്നു പറഞ്ഞാൽ കൈയമർത്തി പൊട്ടിച്ചും മുട്ട ഗുരുവിനെ കാണിച്ച് അദ്ദേഹത്തിന്റെ മഹത്വം കുറയ്ക്കണമെന്നതായിരുന്നു അയാളുടെ വിചാരം. പെട്ടെന്ന് ഗുരുവിന്റെ ഉത്തരം വന്നു - അതെങ്ങനെ വേണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുന്നതുപോലെയാകട്ടെ. ഇത് കേട്ട് അയാൾ ശരിക്കും അത്ഭുതപ്പെട്ടു. അതോടെ തന്റെ പ്രാകൃതവാസനകൾ വെടിഞ്ഞ് അയാൾ ഗുരുവിന്റെ വിശ്വസ്ത സേവകനായി മാറി. ഇങ്ങനെ പ്രാകൃതത്തെ പ്രകൃതമാക്കി മാറ്റാൻ നമുക്ക് സാധിക്കണം.