kerala-budget-2019

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകലിൽ ഒരു കുട്ടി വർദ്ധിച്ചാൽ പുതിയ ഡിവിഷൻ എന്ന നിലവിലെ രീതി മാറ്റുന്നതിന് കേരള എജ്യൂക്കേഷൻ റൂൾ (കെ.ഇ.ആർ) ഭേദഗതി ചെയ്യാൻ ബഡ്ജറ്റ് നിർദേശം. അദ്ധ്യാപക നിയമനത്തിലെ അപാകതകൾ പരിഹരിക്കാനാണിത്.

നിലവിലെ വിദ്യാർത്ഥി- അദ്ധ്യാപക അനുപാതമനുസരിച്ച് ക്ലാസിൽ ഒരു കുട്ടി വർദ്ധിച്ചാൽ പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്ന എയ്ഡഡ് മാനേജ്‌മെന്റുകളുടെ നടപടി സർക്കാരിന് ഭീമമായ നഷ്ടം വരുത്തുന്നു. ഈ നിയമനങ്ങളിൽ പലതും സർക്കാർ അറിയാതെയുമാണ്.
ഈ സർക്കാരിന്റെ കാലത്ത് 17,614 പുതിയ തസ്തികകളാണ് എയ്ഡഡ് സ്‌കൂളുകളിൽ സൃഷ്ടിച്ചത്. വളരെയേറെ പരിശോധനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഈ തസ്തികകൾക്ക് അനുവാദം നൽകിയത്. എന്നാൽ ഇങ്ങനെയൊരു പരിശോധനയോ സർക്കാരിന്റെ അറിവോ ഇല്ലാതെ 18,119 അദ്ധ്യാപകരെ നിയമിച്ചു.ഇതിൽ. 13,255 പേർ പ്രൊട്ടക്ടഡ് അദ്ധ്യാപകരായി തുടരുന്നു.
വിദ്യാഭ്യാസാവകാശ നിയമത്തെ തുടർന്ന് അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം ലോവർ പ്രൈമറി സ്‌കൂളുകളിൽ ഒരു അദ്ധ്യാപകന് 45 കുട്ടികളിൽ നിന്ന് 30 കുട്ടികളായും അപ്പർ പ്രമൈറി സ്‌കൂളുകളിൽ 45 ൽ നിന്ന് 35 കുട്ടികളായും കുറച്ചിരുന്നു. ഇതോടെ, ഒരു കുട്ടി ഇതിൽ കൂടുതലുണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാമെന്ന് വ്യാഖ്യാനമുണ്ടായി.ഉപജില്ലാ തലത്തിൽ എ.ഇ.ഒ അംഗീകരിച്ചാൽ തസ്തികയാകും. തസ്തികയെപ്പറ്റി മുകൾത്തട്ടിലേക്ക് പരിശോധന പോകുന്നുമില്ല.തസ്തികകൾ സൃഷ്ടിച്ചതിനെക്കുറിച്ച് നിരവധി പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ പരാതികളിൽ പരിശോധന നടത്തും. സർക്കാർ അറിഞ്ഞേ തസ്തികകൾ സൃഷ്ടിക്കാവൂ എന്ന സർക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിക്കിയിരുന്നു.