തിരുവനന്തപുരം: ഗർഭഛിദ്രത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാനം രാജ്യത്ത് മരണ സംസ്‌കാരം വളർത്തുമെന്ന് തിരുവനന്തപുരം ലത്തീൻ അതുരൂപതാ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം. ആറുമാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമഭേദഗതി ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ഇരുണ്ട കാലഘട്ടത്തിലേക്കും ജീവന് വിലകൽപ്പിക്കാത്ത സ്വാർത്ഥത നിറഞ്ഞ മരണ സംസ്‌കാരത്തിലേക്കും മനുഷ്യകുലത്തെ തള്ളിവിടാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പുതിയ നിയമഭേദഗതിക്കെതിരെ മാർച്ച് 25 ന് കെ.സി.ബി.സി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ജീവൻ പരിപോഷണ സെമിനാറുകളും റാലികളും സംഘടിപ്പിക്കുമെന്നും ആർച്ച്ബിഷപ്പ് അറിയിച്ചു.