തിരു​വ​ന​ന്ത​പുരം: നഗരത്തിലെ സ്വകാര്യ സ്‌കൂൾ അധി​കൃ​തർ പതി​നൊന്നാം ക്ലാസ് വിദ്യാർത്ഥിയെ മാന​സി​ക​മായി പീഡി​പ്പി​ച്ചെന്ന വാർത്ത​യുടെ അടി​സ്ഥാ​ന​ത്തിൽ സംസ്ഥാന ബാലാ​വ​കാശ സംര​ക്ഷണ കമ്മിഷൻ ചെയർമാൻ പി.സുരേഷ് സ്വമേ​ധയാ കേസെ​ടു​ത്തു. കഴിഞ്ഞ നവം​ബ​റിൽ മറ്റൊരു കുട്ടി​യു​മാ​യു​ണ്ടായ വാഗ്‌വാ​ദ​ത്തെ​ത്തു​ടർന്ന് പ്രിൻസി​പ്പൽ കുട്ടി​യുടെ വിധ​വ​യായ അമ്മയെ വിളി​ച്ചു​വ​രുത്തുക​യാ​യി​രു​ന്നു. ആ സമയം പ്രിൻസി​പ്പ​ലിന്റെ മുറി​യിലുണ്ടാ​യി​രുന്ന സെക്ര​ട്ടറി അമ്മ​യുടെ സാന്നി​ദ്ധ്യ​ത്തിൽ മോശ​മായ ഭാഷ​യിൽ അപ​മാ​നി​ക്കു​കയും കസേ​ര​യിൽ നിന്ന് ചാടി​യെ​ഴു​ന്നേറ്റ് കുട്ടിയെ ​അടി​ക്കാൻ ഒരുങ്ങുകയും ചെയ്തെന്നാണ് വാർത്ത. അന്ന് കുട്ടിക്ക് ശ്വാസ​ത​ടസം ഉണ്ടാ​വു​കയും ഒരാ​ഴ്ച​യോളം ക്ലാസ് മുട​ങ്ങു​കയും ചെയ്തതായും പറ​യുന്നു. സംഭ​വ​ത്തെ​ത്തു​ടർന്ന് കുട്ടിയെ അദ്ധ്യ​യന വർഷ​ത്തിന്റെ മദ്ധ്യ​ത്തിൽ മറ്റൊരു സ്‌കൂളി​ലേക്ക് മാറ്റേണ്ടി വന്നു. ഹയർ സെക്കൻഡറി ഡയ​റ​ക്ടർ, ജില്ല ശിശു സംര​ക്ഷണ ഓഫീ​സർ എന്നി​വ​രോട് റിപ്പോർട്ട് ആവ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.