തിരുവനന്തപുരം: സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ മേൽ 1103 കോടിയുടെ അധിക ബാദ്ധ്യതകളാണ് സംസ്ഥാന ബഡ്‌ജറ്റിൽ അടിച്ചേല്പിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു
വർദ്ധിപ്പിച്ച ഭൂനികുതിയും വെള്ളക്കരം കൂട്ടാനുള്ള നീക്കവും ഒഴിവാക്കണം. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 38 പദ്ധതികൾ നടപ്പാക്കിയിട്ടില്ല. വസ്തവിന്റെ പോക്കുവരവിനും തണ്ടപ്പേരിനും ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടിയത് റിയൽ എസ്റ്റേറ്റ് രംഗത്തെ കൂടുതൽ മന്ദീഭവിപ്പിക്കും. സാമ്പത്തികമാന്ദ്യത കാരണം കാറുകളുടെയും മോട്ടോർബൈക്കുകളുടെയും വില്പനയിൽ കുറവുണ്ടായിരിക്കെയാണ് വീണ്ടും നികുതി കൂട്ടിയത്. ബഡ്ജറ്റിൽ വാചകക്കസർത്തും ഫാന്റസിയും മാത്രമാണുള്ളത്.
. കുട്ടനാടിന് 1000 കോടിയുടെ പാക്കേജ് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് നടന്നില്ല. എന്നിട്ടിപ്പോൾ 2400 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു. വയനാടിന് കഴിഞ്ഞ തവണത്തെ 2000കോടിയുടെ പാക്കേജ് നടപ്പാക്കാതെ ഇത്തവണ 500കോടി കൂടി പ്രഖ്യാപിച്ചു. വയനാടൻ കാപ്പിയെ ബ്രാൻഡ് ചെയ്യുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ആ കാപ്പി കുടിക്കാൻ ആർക്കും ഭാഗ്യം കിട്ടിയില്ല. തെക്ക്- വടക്ക് ജലപാത തുറക്കുമെന്ന് ഈ സർക്കാരിന്റെ എല്ലാ ബഡ്ജറ്റുകളിലും പറയുന്നതാണ്. നദികളിൽ നിന്ന് മണൽ വാരുമെന്ന് അച്യുതാനന്ദൻ മന്ത്രിസഭയിലിരുന്ന കാലം തൊട്ട് ഐസക് പറയുന്നതല്ലാതെ വാരിത്തുടങ്ങിയിട്ടില്ല. തദ്ദേശസ്ഥാപനങ്ങളുടെ അടുത്ത വർഷത്തെ പദ്ധതി വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആ നിലയ്ക്ക് അധിക പണം നൽകുമെന്ന് പറയുന്നതിൽ അർത്ഥമില്ല. 2018-19ൽ 2000 കോടിയുടെയും അതിനടുത്ത വർഷം 1000 കോടിയുടെയും തീരദേശ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒന്നും നടപ്പാക്കാതെയാണ് 1000കോടിയുടെ പാക്കേജ് വീണ്ടും പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുന്നത്. പൊതുവിദ്യാലയ സംരക്ഷണം സുവർണ നദിയെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ക്ലാസ് മുറിക്കുള്ളിൽ കുട്ടി പാമ്പുകടിയേറ്റ് മരിച്ചു.
പുറംചട്ട മാത്രം മാറ്റിക്കൊണ്ടുള്ള പൊള്ളയായ ബഡ്ജറ്റാണിതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ പറഞ്ഞു. ഒന്നും നടപ്പാക്കാത്തത് കൊണ്ട് ബഡ്ജറ്റിന്റെ പുറംചട്ട മാത്രം ഓരോ വർഷവും മാറ്റിയാൽ മതി. കുട്ടനാട് പാക്കേജിനെപ്പറ്റി പറയുന്നത് ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. കറുത്ത ജുബ്ബ ധരിച്ചെത്തിയ ഐസക് കരിദിനമെന്ന് സ്വയം പ്രഖ്യാപിച്ചു. കവിതാസമാഹാരം മാത്രമാണ് ബഡ്ജറ്റെന്നും മുനീർ പരിഹസിച്ചു.