radhakrishnan

മാനന്തവാടി: അരിവാൾ രോഗ ചികിത്സയെ തുടർന്ന് ലക്ഷങ്ങളുടെ കടബാദ്ധ്യതയായ വനം വകുപ്പിലെ താത്കാലിക ജീവനക്കാരൻ ജീവനൊടുക്കി. ആറാട്ടുതറ എടമ്പിലാശ്ശേരി വി.എസ്.രാധാകൃഷ്ണൻ (54) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ചെറുപ്പത്തിലേ അരിവാൾ രോഗം പിടിപെട്ട ഇയാളുടെ മൂത്തമകനും രോഗബാധിതനാണ്. കാട്ടിക്കുളം അപ്പപ്പാറയിൽ ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്ന രാധാകൃഷ്ണൻ രോഗം ബാധിച്ചതോടെ ചികിത്സയ്ക്കായി സ്ഥലവും വീടും വിറ്റ് ആറാട്ടുതറയിലേക്ക് മാറുകയായിരുന്നു. ആദ്യം വാടക വീട്ടിലായിരുന്നു താമസം. പിന്നീട് 15 സെന്റ് സ്ഥലത്ത് വീടു പണി തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. മകന് കൂടി രോഗം പിടിപെട്ടതോടെ ചികിത്സാച്ചെലവ് ഇരട്ടിക്കുകയായിരുന്നു. നടക്കാനാവാത്ത മകനെ ഇതിനിടെ മണിപ്പാലിലെ ആശുപത്രിയിൽ നാലു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രാധാകൃഷ്ണന് 10 ലക്ഷം രൂപയിലേറെ കടബാദ്ധ്യതയുണ്ടായിരുന്നു. താത്കാലിക ജോലിക്കാരനായതിനാൽ അരിവാൾ രോഗികൾക്കുള്ള പ്രതിമാസ പെൻഷന് അർഹതയില്ല. രോഗത്തിന്റെ വൈഷമ്യങ്ങൾക്കിടയിൽ സ്ഥിരമായി ജോലിക്കു പോകാൻ കഴിയാത്തതിനാൽ വരുമാനം കുറഞ്ഞു. മകനെ പരിചരിക്കേണ്ടതിനാൽ ഭാര്യ വനജയ്ക്കും ജോലിക്കു പോകാൻ കഴിയാതായി. അരിവാൾ രോഗികളുടെ കൂട്ടായ്മയിൽ സി.ഡി.സരസ്വതിക്കൊപ്പം അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം വരെ ജില്ലാ ഭാരവാഹിയുമായിരുന്നു ഇദ്ദേഹം. മക്കൾ: നിഥിൻ കൃഷ്ണ, വിപിൻ കൃഷ്ണ.