പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞത്തിന് തുടക്കം കുറിച്ച് യജ്ഞശാലയിൽ തെളിയിക്കാനുള്ള ദിവ്യജ്യോതി പ്രയാണങ്ങൾ ആരംഭിച്ചു. പഞ്ചഭൂത ശിവക്ഷേത്രങ്ങളായ കാഞ്ചീപുരം, തിരുവണ്ണാക്കാവ്, ചിദംബരം കാളഹസ്തി എന്നിവിടങ്ങളിൽ നിന്നും പകർന്ന് നൽകിയ ദിവ്യജ്യോതികൾ നിരവധി ഭക്തരുടെ അകമ്പടിയോടെ ഇന്ന് വൈകിട്ട് ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ എത്തിച്ചേരും. കേരളത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിൽ നിന്നും എത്തുന്ന 101 ജ്യോതി പ്രയാണങ്ങളുടെയും ദിവ്യജ്യോതി പ്രായങ്ങളുടെ സംഗമത്തെ ഉദിയൻകുളങ്ങര പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ച ശേഷം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ഉത്സവ കമ്മിറ്റി സ്വാഗത സംഘം ഭാരവാഹികൾ എം.എൽ.എ മാരായ കെ.ആൻസലൻ, ഐ.ബി.സതീഷ്, എം.വിൻസെൻറ്, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, നെയ്യാറ്റിൻകര തഹസീൽദാർ കെ.മോഹൻകുമാർ, ക്ഷേത്ര ഉപദേശി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തോടെ ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാമത് അതിരുദ്രമഹായജ്ഞത്തിനും 14 ദിവസം നീണ്ട് നിൽക്കുന്ന ശിവരാത്രി മഹോത്സവത്തിനും നൃത്ത സംഗീതോത്സവത്തിനും തുടക്കമാവും.