പാലോട്: കാളവണ്ടി യാത്രയുടെയും കുതിര സവാരിയുടെയും അകമ്പടിയിൽ നടന്ന വർണാഭമായ ഘോഷയാത്രയോടെ 57-മത് പാലോട് കാർഷിക കലാമേളയ്ക്കും കന്നുകാലിച്ചന്തയ്ക്കും ആവേശകരമായ തുടക്കം. കാർഷിക സംസ്കൃതിയുടെ സ്മരണകൾ അലയടിച്ച അന്തരീക്ഷത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഭദ്രദീപം തെളിച്ചു. ദീപം വിദ്യാർത്ഥിനികൾ ഏറ്റുവാങ്ങി കുരുത്തോലകൊണ്ടലങ്കരിച്ച 57 മൺചെരാതുകളിൽ പകർന്നു. ആദ്യകാല കർഷക തൊഴിലാളികളെ വി.കെ. മധു പൊന്നാട അണിയിച്ച് ആദരിച്ചു. കർഷക പ്രമുഖൻ ജോർജ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ മേള വൈസ് ചെയർമാൻ എം.പി. വേണുകുമാർ സ്വാഗതം പറഞ്ഞു. ആദ്യകാല സംഘാടകരായ എം.എം. സലിം, പി.എസ്. മധുസൂദനൻ, സി.ജെ. രാജീവ്, എ.എം. മുസ്തഫ, സംഘാടക സമിതി ചെയർമാൻ എം. ഷിറാസ്ഖാൻ, ജനറൽ സെക്രട്ടറി ഇ. ജോൺകുട്ടി, ട്രഷറർ വി.എസ്. പ്രമോദ്, എ.എം അൻസാരി, ഡി. പുഷ്കരാനന്ദൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പ്രദർശന വിപണന സ്റ്റാളുകളുകളുടെ ഉദ്‌ഘാടനം എം.എം. സലിം നിർവഹിച്ചു. വൈകിട്ട് വിനോദസഞ്ചാര വാരാഘോഷവും സാംസ്കാരിക മേളയും നടന്നു. കാളച്ചന്തയിൽ കുടിമാടുകൾ, പാണ്ടിമാടുകൾ, കിഴക്കൻ മാടുകൾ, തെലുങ്കാന പോത്തുകൾ, ബെല്ലാരി പോത്തുകുട്ടികൾ, ജെല്ലിക്കെട്ട് കാളകൾ, ഹരിയാന പോത്തുകൾ മുതലായവ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. പത്ത് ദിവസവും കാളവണ്ടി യാത്രയും ക്രമീകരിച്ചിട്ടുണ്ട്. മുട്ട കോഴികൾ,വളർത്ത് പക്ഷികൾ, പെറ്റ് ടോഗ്സ്, അലങ്കാര മത്സ്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി വിത്തുകൾ, പുഷ്പ-ഫല തൈകൾ എന്നിവയുടെ വിപുലമായ ശേഖരവും വില്പനയ്ക്കുണ്ട്.