ആര്യനാട്: കേന്ദ്ര സർക്കാരിന്റെ കാർഷക വിരുദ്ധ നയങ്ങളാണ് കർഷക ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ. അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ആര്യനാട്ട് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശ കോർപറേറ്റുകളുടെ നയങ്ങളാണ് കേന്ദ്ര സർക്കാരിന്റേത്. ചുരുക്കം ചില കോർപറേറ്റുകൾക്കായി രാജ്യത്തെ സമ്പത്ത് മുഴുവൻ വിറ്റഴിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാലൻ നായർ, പള്ളിച്ചൽ വിജയൻ, മീനാങ്കൽ കുമാർ, എൻ.ഭാസുരാംഗൻ, വിജയകുമാർ, എം.എസ്.റഷീദ്, ഈഞ്ചപ്പുരി സന്തു, കെ.എസ്.അരുൺ, പൂവച്ചൽ ഷാഹുൽ, കള്ളിക്കാട് ചന്ദ്രൻ, അരുവിക്കര വിജയൻ നായർ, ഉഴമലയ്ക്കൽ ശേഖരൻ എന്നിവർ സംസാരിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2ന് 'ഭൂപരിഷ്കരണ നിയമവും കാർഷിക മേഖലയിലെ മാറ്റങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. വി.പി.ഉണ്ണിക്കൃഷ്ണൻ വിഷയാവതരണം നടത്തും.