തിരുവനന്തപുരം: നോവൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടു. മൂന്നു പേർക്കല്ലാതെ കൂടുതൽ പേരിലേക്ക് കൊറോണ വൈറസ് പടരാത്ത സാഹചര്യത്തിൽ സംസ്ഥാന ദുരന്ത പ്രഖ്യാപനം പിൻവലിച്ചു.
വുഹാനിൽ നിന്ന് കേരളത്തിലെത്തിയ 72പേരിൽ 67പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം മൂന്നിന് ശേഷം ആർക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ദുരന്തപ്രഖ്യാപനം പിൻവലിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിലുള്ള കർശനമായ ജാഗ്രതയും നിരീക്ഷണവും തുടരും.
അതേസമയം ,വിവിധ ജില്ലകളിലായി 3014പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2953പേർ വീടുകളിലും, 61പേർ ആശുപത്രികളിലുമാണ്. സംശയാസ്പദമായവരുടെ 285 സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 261 സാമ്പിളുകളുടെ ഫലം നെഗറ്റിവാണ്. ഇതോടെ ഭീതി ഒഴിഞ്ഞെന്ന നിഗമനത്തിലാണ് അധികൃതർ.ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശങ്ങൾ പാലിച്ച ജനങ്ങൾക്കും. വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ വീടിന് പുറത്ത് ഇറങ്ങാതെ നാടിന് വേണ്ടി സഹകരിച്ചവർക്കും മന്ത്രി നന്ദി അറിയിച്ചു.