km-mani-

തിരുവനന്തപുരം: കേരള നിയമസഭയുടെ 53 വർഷത്തെ ചരിത്രത്തിനിടയിൽ കെ.എം. മാണിയുടെ അഭാവത്തിൽ നടന്ന ആദ്യത്തെ ബഡ്‌ജറ്റ് അവതരണമായിരുന്നു ഇന്നലെ.

കഴി‌ഞ്ഞ വർഷം ഏപ്രിൽ 9നാണ് കെ.എം. മാണി വിട വാങ്ങിയത്. പകരം പാലായിൽ നിന്ന് മറ്റൊരു മാണി നിയമസഭയിലെത്തിയ വർഷമാണിത്. കെ.എം. മാണിയുടെ വേർപാടിന് ഒരു വർഷം തികയാനിരിക്കെ, ധനമന്ത്രി തോമസ് ഐസക് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷന് അഞ്ച് കോടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഭരണപക്ഷം കൈയടിയോടെ ഈ പ്രഖ്യാപനത്തെ വരവേറ്റെങ്കിലും മാണി സ്വന്തം പക്ഷത്തായിരുന്നിട്ടും പ്രതിപക്ഷം നിസ്സംഗ ഭാവത്തിലായിരുന്നു. ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തെ നോക്കി കൈയടിക്കാൻ വിളിച്ചുപറഞ്ഞെങ്കിലും അവർ കേട്ടിരുന്നതേയുള്ളൂ.

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റവതരിപ്പിച്ച ധനമന്ത്രി കെ.എം. മാണിയാണ്. 13 ബഡ്ജറ്റുകൾ. തോമസ് ഐസക് ഇപ്പോൾ തൊട്ടടുത്തെത്തിയിട്ടുണ്ട്. 11 ബഡ്ജറ്റുകളാണ് ഐസകിന്റെ അക്കൗണ്ടിൽ. 2015 മാർച്ച് 13നായിരുന്നു മാണിയുടെ അവസാന ബഡ്ജറ്റ്. അന്ന് പക്ഷേ നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറിയിരുന്നു. ബാർകോഴ വിവാദത്തിൽ കേരള രാഷ്ട്രീയം കലങ്ങിനിൽക്കെ മാണിയെ ബഡ്ജറ്റവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അന്ന് പ്രതിപക്ഷമായിരുന്ന ഇപ്പോഴത്തെ ഭരണപക്ഷം. സഭ അന്ന് വലിയ ബഹളത്തിലും കൈയാങ്കളിയിലും കലാശിച്ചപ്പോൾ ഭരണകക്ഷിയംഗങ്ങൾ തീർത്ത വലയത്തിനകത്ത് നിന്ന് ബഡ്ജറ്റ് അവതരിപ്പിക്കുന്നതായി കെ.എം. മാണി പ്രഖ്യാപിക്കുകയായിരുന്നു. രണ്ട്- രണ്ടര മണിക്കൂറെടുത്ത് ബഡ്ജറ്റവതരിപ്പിക്കാറുള്ള സഭയിൽ അന്ന് മിനിറ്റുകൾക്കുള്ളിൽ ബഡ്‌ജറ്റ് അവതരണം പൂർത്തിയായി.