തിരുവനന്തപുരം: ബഡ്‌ജറ്റിൽ കെ.എസ്.ആർ.ടി.സിക്ക് ആയിരം കോടി രൂപ അനുവദിച്ചുവെന്ന് കേട്ടാൽ സ്ഥാപനം രക്ഷപ്പെട്ടുവെന്ന് തോന്നും. എന്നാൽ കെ.എസ്.ആർ.സി ജീവനക്കാരുടെ പ്രതികരണം 'കിലുക്ക'ത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണി പറയുന്നതപോലെ '' കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്, ഇതു കുറെ കേട്ടിട്ടുണ്ട്...'' എന്നായിരിക്കും. കാരണം ആയിരം കോടിയും പാക്കേജുമൊക്കെ കെ.എസ്.ആർ.ടി.സി കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. വളർച്ച മാത്രം താഴോട്ടെന്നു മാത്രം.
കഴിഞ്ഞ രണ്ടു വർഷത്തെ ബഡ്‌ജറ്റിലും ആയിരം കോടി രൂപ വീതം അനുവദിച്ചിരുന്നു. ശമ്പളത്തിനും പെൻഷനുമായി ആ തുക സർക്കാർ പലതവണയായി കൊടുക്കും. ഇത്തവണയും മുൻ വർഷങ്ങളിലേതുപോലെ പെൻഷനും ശമ്പളത്തിനുമായി 1000 കോടി വിനിയോഗിക്കേണ്ടിവരും. പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ സംഘങ്ങൾക്ക് പലിശയായ 68 കോടി രൂപ സഹിതം 798 കോടി രൂപ നൽകേണ്ടിവരും. ശേഷിക്കുന്ന തുക പ്രതിമാസ ശമ്പള വിതരണത്തിനും വിനിയോഗിക്കേണ്ടിവരും. 2018-19 ൽ 1052 കോടി രൂപയാണ് വേണ്ടിവന്നത്. ഇത്തവണ 920 കോടി രൂപ ഇതുവരെ നൽകി കഴിഞ്ഞു.
കാലവധി കഴിഞ്ഞ ബസുകളുമായാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നത്. ആയിരം ബസുകളുടെ കുറവ് ഇപ്പോൾ തന്നെയുണ്ട്. 2018-19 ലെ ബഡ്‌ജറ്റിൽ കെ.എസ്.ആർ.ടി.സി ബസുകൾ പടിപടിയായി സി.എൻ.ജി ബസുകളാക്കുമെന്നായിരുന്നു പ്രഖ്യാപനം. 300 ബസുകൾക്ക് തുകയും അനുവദിച്ചു. വാങ്ങിയത് ഒരു ബസ് !. അടുത്ത വർഷം ഇലക്ട്രിക് ബസ് വിപ്ലവം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ 10 ഇലക്ട്രിക് ബസുകൾ ഓടുന്നുണ്ട്, പക്ഷേ എല്ലാം വാടകയ്ക്കെടുത്തത്. ഇത്തവണ ബഡ്ജറ്റിൽ സി.എൻ.ജിയെ പറ്റിയോ ഇലക്ട്രിക് ബസ് വാങ്ങുന്നതിനെ കുറിച്ചോ പറയുന്നില്ല.
ഇപ്പോൾ പദ്ധതി വിഹിതമായി പ്രഖ്യാപിച്ചിട്ടുള്ള 109 കോടി രൂപയിലാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. തുക അനുവദിച്ചുകിട്ടിയാൽ 270 ബസുകൾ വാങ്ങാൻ കഴിയും. അത് ഡീസൽ ബസിനായി ഉപയോഗിക്കാനാണ് തീരുമാനം.