ktda

കാട്ടാക്കട: ഒടുവിൽ കാട്ടാക്കട പട്ടണത്തിന് ശാപമോക്ഷമാകുന്നു. ഗതാഗത കുരുക്കും അപകടങ്ങളും നിത്യ സംഭവമായ കാട്ടാക്കട പട്ടണത്തിന്റെ വികസനത്തിന് സംസ്ഥാന ബഡ്ജറ്റിൽ 100 കോടി രൂപ അനുവദിച്ചു. ഗതാഗത കുരുക്കഴിക്കാനും അപകട രഹിത ഗതാഗതം ഉറപ്പാക്കാനും ഒരു വർഷം മുൻപ് പട്ടണ സൗന്ദര്യവത്കരണത്തിനായി പദ്ധതി തയാറാക്കിയിരുന്നു. നാറ്റ്പാക്ക്, വിളപ്പിൽശാല കോളേജ് ഓഫ് ആർക്കിട്ടെക്ച്ചർ എന്നിവർ ഇതു സംബന്ധിച്ച് പഠനം നടത്തി. ജംഗ്ഷൻ വികസനം, റിംഗ് റോഡുകൾ, മേൽ പാലം എന്നിവയിലൂടെ മാത്രമേ അനുദിനം വളരുന്ന കാട്ടാക്കട പട്ടണത്തെ ഗതാഗത കുരുക്കിൽ നിന്നും രക്ഷിക്കാനാകൂയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തിയയിട്ടുള്ളത്. ബഡ്ജറ്റ് പ്രസംഗത്തിൽ 100 കോടി വകയിരുത്തിയതിനാൽ ഇനി ഡി.പി.ആർ തയാറാക്കി സാങ്കേതിക അനുമതി നേടുന്നതോടെ ടെണ്ടർ നടപടികളിലേക്ക് കടക്കാം. പതിറ്റാണ്ടുകളായുള്ള കാട്ടാക്കടക്കാരുടെ ആവശ്യമാണ്‌ ഇത്തവണത്തെ ബഡ്ജറ്റിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

ഐ.ബി.സതീഷ്‌ എം.എൽ.എ മുൻകൈ എടുത്ത് പട്ടണത്തിലെ ഗതാഗത കുരുക്കിന് അറുതിവരുത്താൻ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. ഇതിലൊക്കെ ഉയർന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാണ് പട്ടണ സൗന്ദര്യവൽകരണമെന്ന പേരിൽ പുതിയ പദ്ധതിക്ക് ഒരു വർഷം മുൻപ് രൂപം നൽകിയത്. വിശദമായ പഠനം നടത്തി പദ്ധതി സർക്കാരിന് സമർപ്പിച്ചു. തുടർന്നുള്ള എം.എൽ.എയുടെ ഇടപെടലാണ് കാട്ടാക്കട പട്ടണ വികസന പദ്ധതിക്ക് ബഡ്ജറ്റിൽ ഇപ്പോൾ തുക അനുദിക്കാനായത്.