state-budjet-2020

തിരുവനന്തപുരം: കേന്ദ്രവിഹിതത്തിൽ വായ്പ ഉൾപ്പെടെ കുറഞ്ഞത് 8330 കോടിരൂപ,നികുതിയിനത്തിലെ കുറവ് വേറെ. ഇൗ വർഷം ക്ഷേമപെൻഷൻ കൂട്ടിയതുൾപ്പെടെ 632കോടിയുടെ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതു കൂടി ചേർത്താൽ 9000 കോടിയോളം രൂപയുടെ കുറവാണ് സംസ്ഥാന ബഡ്ജറ്റിലുള്ളത്. എന്നാൽ കണ്ടെത്തുന്നതാകട്ടെ 1103 കോടി മാത്രവും.

അധിക വരുമാനത്തിന് ഇക്കുറി മദ്യത്തെ ഒഴിവാക്കിയതാണ് പുതുമ. വിലയുടെ പത്തിരട്ടിയോളം കൂട്ടിവിൽക്കുന്ന മദ്യത്തിനു മേൽ ഇനിയും വിലകൂട്ടിയാൽ തിരിച്ചടിയാകുമെന്ന സൂചന കണക്കിലെടുത്താണിത്.അതേസമയം പിടിവീണത് വില്ലേജ് ആഫീസിനാണ്. ലൊക്കേഷൻ മാപ്പിന് 200രൂപയും തണ്ടപ്പേർ ചേർക്കാൻ നൂറ് രൂപയും ഇനി ഫീസ് നൽകണം.പാട്ടകുടിശിക പുതുക്കാനും വേണം നൂറു രൂപ ഫീസ്.കെട്ടിടനികുതി, ഭൂമിയുടെ ന്യായവിലയിൽ പത്തുമുതൽ 30 ശതമാനം വരെ വർദ്ധനവും പോക്കുവരവ് ഫീസും കൂട്ടി. സ്റ്റാമ്പ് ഡ്യൂട്ടിയിലും വർദ്ധനവുണ്ട്. കൂടാതെ കെട്ടിടങ്ങളുടെ ആഡംബര നികുതിയും കൂട്ടി. ഇതെല്ലാം ചേർത്ത് 908 കോടിയും വില്ലേജ് തലത്തിൽ നിന്നാണ് അധിക വിഭവസമാഹരണം നടത്തുന്നത്. ഇതിനു പുറമെ പുതുതായി കണ്ടെത്തുന്ന 1103 കോടിരൂപയിൽ ബാക്കിയുള്ളവ വാഹനനികുതിയിൽ നിന്നാണ്. മദ്യത്തെയും ലോട്ടറിയെയും ഒഴിവാക്കി.

പ്രതിസന്ധി യാഥാർത്ഥ്യം,

ചെലവുചുരുക്കി നേരിടും

സംസ്ഥാനത്തെ ധനക്കെടുതിയിലാക്കുന്ന യാഥാർത്ഥ്യങ്ങളും ബഡ്ജറ്റ് മറച്ചുവയ്ക്കുന്നില്ല. ഫെബ്രുവരി ജി.എസ്.ടി നഷ്ടപരിഹാര കുടിശിക കിട്ടാനുള്ളത് 3000 കോടിരൂപ, നികുതിയിനത്തിൽ മുൻവർഷത്തെ കുറവ് 10113കോടി രൂപ, വരവും ചെലവും തമ്മിൽ മുൻവർഷത്തെ പുതുക്കിയ കണക്കിൽ കുറവുള്ളത് 17474 കോടിരൂപ, ജി.എസ്. ടി. നഷ്ടപരിഹാരത്തിൽ കേന്ദ്രം വെട്ടിക്കുറച്ചത് 4524 കോടി. സംസ്ഥാനത്തിന് വരവിനത്തിൽ വൻ കുറവാണ് ബഡ്ജറ്റിലുള്ളത്. ഇതെല്ലാം പരിഹരിക്കാൻ ക്ഷേമനിധി മസ്റ്ററിംഗ് കടുപ്പിച്ച് 700 കോടിയും സർക്കാർ ആഫീസുകളിലെ കാർ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവന്ന് 1500 കോടിയും അദ്ധ്യാപകനിയമനം നിയന്ത്രിച്ചും തദ്ദേശസ്ഥാപനങ്ങളിലെയും ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലെ ജീവനക്കാരെ പുനർവിന്യസിച്ച് പുതിയ നിയമനങ്ങൾ ഒഴിവാക്കിയും പണം കണ്ടെത്തുമെന്നും പഴയ വാറ്റ് കുടിശികയായി കിട്ടാനുള്ള 13000 കോടിയിൽ ഇളവ് പ്രഖ്യാപിച്ച് പത്തു ശതമാനമെങ്കിലും പിരിച്ചെടുക്കാനുമാണ് മുന്നിൽ കാണുന്ന വഴി.

കിഫ്ബി തന്നെ ശരണം

വികസനപദ്ധതികൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇക്കുറിയും കിഫ്ബി തന്നെയാണ് ആശ്രയം. കഴിഞ്ഞ നാലു ബഡ്ജറ്റുകളിലായി 54678 കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതുവരെ 35028കോടിക്ക് അനുമതിയും നൽകി. പുതിയ ബഡ്ജറ്റിൽ 20000 കോടിയുടെ വികസനപദ്ധതികളാണ് കിഫ്ബിയിലേക്ക് വകയിരുത്തിയത്.