തിരുവനന്തപുരം: നെയ്യാ​റ്റിൻകര ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ അണുബാധ ഏൽക്കാതെ സുരക്ഷിതമായി വാർഡിലെത്തിക്കേണ്ട ചുമതല ജീവനക്കാർ നിർവഹിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്. ശസ്ത്രക്രിയ കഴിയുന്ന രോഗികളെ വാർഡിലേക്ക് കൊണ്ടുപോകുന്നത് മഴയും വെയിലുമുള്ള തുറസായ സ്ഥലത്തുകൂടിയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്‌. ആശുപത്രി ലാബുകൾ പ്രവർത്തനക്ഷമമല്ലെന്നും രോഗികൾ ആശ്രയിക്കേണ്ടത് സ്വകാര്യ ലാബുകളെയാണെന്നും പരാതിയിൽ പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
ഓപ്പറേഷൻ കഴിഞ്ഞ് രോഗികളെ പോസ്​റ്റ് ഓപ്പറേ​റ്റീവ് വാർഡിലേക്ക് മാ​റ്റുന്ന വഴിയിൽ മേൽക്കുര പണിയുന്നതിന് എസ്​റ്റിമേ​റ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മരുന്നിന്റെ ലഭ്യതയ്ക്ക് ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ഇൻഷ്വറൻസ് കമ്പനികൾ ആശുപത്രിക്ക് ഭീമമായ തുക നൽകേണ്ടതുണ്ട്. ഇക്കാരണത്താൽ കാരുണ്യ,നീതി മെഡിക്കൽ സ്​റ്റോറുകളിൽ നിന്ന് മരുന്നു വാങ്ങാനാകാത്ത സ്ഥിതിയാണ്. ഹൈടെൻഷൻ ജോലികൾ നടക്കുന്നതിനാൽ ചിലപ്പോൾ വൈദ്യുതി മുടങ്ങാറുണ്ട്. ജനറേ​റ്റർ വാങ്ങാൻ 38 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് നൽകിയിട്ടുണ്ട്. ടെണ്ടർ നടപടി പൂർത്തിയായാലുടൻ ജനറേ​റ്റർ വാങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ പറയുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പുർത്തിയാക്കണമെന്ന് കമ്മിഷൻ നിർദ്ദേശം നൽകി. ഇത്തരം നടപടികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ മേൽനോട്ടം വഹിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.