തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നുകൊണ്ട് തന്റെ കന്നി ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി ഡോ. തോമസ് ഐസക് പക്ഷേ ഇന്നലെ തന്റെ പതിനൊന്നാമത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത് വി.എസിന്റെ അസാന്നിദ്ധ്യത്തിൽ. അസുഖത്തെ തുടർന്ന് ഔദ്യോഗികവസതിയിൽ വിശ്രമത്തിലാണ് വി.എസ്. ശ്രീചിത്ര ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ വി.എസ് നാല് മാസത്തിലേറെയായി പൊതുപരിപാടികളിൽ പങ്കെടുത്തിട്ട്. അണുബാധ ഒഴിവാക്കാനും കൂടിയാണ് ആറ് മാസത്തേക്കെങ്കിലും വിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചത്.
ഇത്തവണ നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം വി.എസ് സഭയിൽ വന്നിട്ടില്ല. നവംബറിലെ സമ്മേളനത്തിലുമുണ്ടായില്ല. ഇടതുമുന്നണിയുടെ മനുഷ്യ മഹാശൃംഖലയിലും അതിന് മുമ്പ് തിരുവനന്തപുരത്ത് നടന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിലും പങ്കെടുക്കാനായില്ല.