തിരുവനന്തപുരം: ബഡ്‌ജറ്റ് പ്രസംഗത്തിന് കവർചിത്രമായത് ഗാന്ധിജി വെടിയേറ്റ് വീഴുന്ന ചിത്രം. മൂവാറ്റുപുഴ സ്വദേശിയായ ടോം വട്ടക്കുഴി ഗ്വാഷ് മീഡിയത്തിൽ തയ്യാറാക്കിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇരുപത്തഞ്ചോളം സ്‌കെച്ചുകൾ തയാറാക്കിയ ശേഷമാണ് ചിത്രത്തിന് ടോം അന്തിമരൂപം നൽകിയത്. രാഷ്ട്രപിതാവിന്റെ മരണം എങ്ങനെയായിരുന്നുവെന്ന ഓർമപ്പെടുത്തൽ ആവശ്യമാണെന്ന് തോന്നിയപ്പോഴാണ് 'ഡെത്ത് ഓഫ് ഗാന്ധി' എന്നപേരിൽ പെയിന്റിങ്ങിനു മുതിർന്നതെന്ന് ചിത്രകാരൻ പറയുന്നു.
സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വവാർഷിക ഓർമപുസ്തകത്തിന്റെ കവർ ചിത്രമായും ഈ പെയിന്റിംഗ് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലായ് മാസത്തിലാണ് ചിത്രം ഫേസ്ബുക്കിൽ ചിത്രകാരൻ പോസ്റ്റ് ചെയ്തത്. 6800 ആളുകളാണ് ടോം വട്ടക്കുഴിയുടെ പേജിൽ നിന്ന് മാത്രം ചിത്രം ഷെയർ ചെയതത്.രക്തസാക്ഷി ദിനത്തിൽ രാഹുൽ ഗാന്ധിയും കനയ്യകുമാറും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ദേശീയതലത്തിലും ശ്രദ്ധനേടി.
ചിത്രം ഷെയർ ചെയ്ത പലരും കടപ്പാട് വച്ചിരുന്നില്ല. വിശ്വഭാരതി യൂണിവേഴ്സിറ്റിയിലാണ് ടോം പഠനം നടത്തിയത്. ഭാര്യ:സീന, മക്കൾ:ആദിത്യ, അദീത്. ദേശീയ തലത്തിൽ ശ്രദ്ധ നേടിയതോടെയാണ് ധനമന്ത്രിയുടെ ഓഫിസ് ചിത്രം ബഡ്ജറ്റിന്റെ കവറാക്കാൻ അനുവാദം ചോദിച്ചത്.