വിഴിഞ്ഞം: കുട്ടികൾക്ക് ഭീഷണിയായി സ്ഥിതി ചെയ്തിരുന്ന സ്കൂൾ വളപ്പിലെ ഒഴിഞ്ഞ പമ്പ് ഹൗസ് കെട്ടിടം പൊളിച്ചു നീക്കി. വിഴിഞ്ഞം തെരുവിലെ ഗവ.സരസ്വതി വിലാസം എൽ.പി.സ്കൂളിലെ പ്രവേശന കവാടത്തിലുള്ള കെട്ടിടമാണ് പൊളിച്ചു നീക്കിയത്. 250 ഓളം ചതുരശ്ര അടിയുള്ള കെട്ടിടം പമ്പിംഗ് സ്റ്റേഷന് വേണ്ടിയാണ് നിർമ്മിച്ചത്. 50 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ജല അതോറിട്ടി കുഴൽ കിണർ നിർമ്മിക്കുകയും അതോടൊപ്പം പമ്പിംഗ് സ്റ്റേഷനും നിർമ്മിച്ചു. നഗരസഭയിലെ ഏതാനും വാർഡുകളിലേക്ക് ജലം എത്തിച്ചത് ഇവിടെ നിന്നായിരുന്നു. കലപ്പഴക്കം കാരണം ഏതു നിമിഷവും തകർന്ന് വീഴാറായ സ്ഥിതിയിലായിരുന്നു കെട്ടിടം. വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചിരുന്ന ഒറ്റമുറി കെട്ടിടത്തിന് മുകളിൽ ആൽമരം വളർന്നതിനെ തുടർന്ന് കെട്ടിടത്തിന്റെ സൺഷെയ്ഡ് വെടിച്ചു കീറിയിരുന്നു. കെട്ടിടത്തിനുള്ളിൽ സാമൂഹികവിരുദ്ധരുടെ ശല്യവും ഉണ്ടായിരുന്നു. നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും പരാതികൾ ലഭിച്ചതിനെ തുടർന്ന് ഉപയോഗ ശൂന്യമായ പമ്പും അനുബന്ധ ഉപകരണങ്ങളും ജല അതോറിട്ടി അധികൃതർ നേരത്തെ ഇളക്കിക്കൊണ്ട് പോയിരുന്നു. ബാക്കിയുണ്ടായിരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ കഴിഞ്ഞ ദിവസം ജല അതേറിട്ടിയുടെ സാന്നിദ്ധ്യത്തിൽ നീക്കം ചെയ്തിരുന്നു. അറുപതിനായിരം രൂപ കരാർ നൽകിയാണ് ഈ കെട്ടിടം പൊളിച്ചു നീക്കിയത്.