pinarayi

തിരുവനന്തപുരം: ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ഒന്നാം സ്ഥാനത്താണ് കേരളമെന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്കൊപ്പം രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണം.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തെ പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വിമർശിക്കാൻ പ്രധാനമന്ത്രി ആയുധമാക്കിയ സാഹചര്യത്തിലാണ് പിണറായിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ പരാമർശം വസ്തുതാവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചില സമരങ്ങളിൽ എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെപ്പറ്റി പരാമർശിച്ചത് ഉത്തമബോദ്ധ്യത്തിലാണ്. സംഘപരിവാറിന്റെ വർഗീയ അജൻഡ തകർക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണെന്ന ബോദ്ധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാ പ്രതിരോധത്തിൽ വർഗീയതയുടെ വിഷം തേയ്ക്കാൻ ആര് ശ്രമിച്ചാലും ചെറുത്തു തോൽപ്പിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിരോധം ഒറ്റക്കെട്ടായതും ജനാധിപത്യപരവുമാണ്. ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകർക്കാനും ചിലർക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാർക്ക് കേരളം ഒന്നിച്ചു നിന്ന് മറുപടി നൽകും.

എല്ലാ വർഗീയ തീവ്രവാദ ശക്തികളെയും എതിർക്കുന്നതും അകറ്റി നിറുത്തുന്നതുമാണ് കേരളത്തിന്റെ പാരമ്പര്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാതി, മത,കക്ഷി ഭേദമില്ലാത്ത ജനകീയ പ്രതിഷേധമാണ് കേരളം ഉയർത്തുന്നത്. മതപണ്ഡിതരും നേതാക്കളും കലാ,സാഹിത്യ,സാംസ്‌കാരിക നായകരും സമുദായ സംഘടനാ നേതാക്കളും മതനിരപേക്ഷ ചിന്താഗതിയുള്ള ജനസഞ്ചയവും അണിചേർന്ന പ്രതിഷേധത്തിന് സാർവത്രിക സ്വീകാര്യതയാണ് ലഭിച്ചത്. ആ അനുഭവമുള്ള കേരളത്തിന് ഭരണഘടനാ വിരുദ്ധമായ നിയമഭേദഗതി അടിച്ചേൽപ്പിക്കുന്നവരെയും അതിനെതിരായി വർഗീയ സംഘാടനത്തിന് കൊതിക്കുന്നവരെയും മനസിലാക്കാൻ ആരുടെയും ട്യൂഷൻ വേണ്ട.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തെ വിഭാഗീയ, വർഗീയ ലക്ഷ്യങ്ങളുള്ളവർക്ക് അടിയറവയ്ക്കാൻ കേരളം തയ്യാറല്ല. അത്തരം നുഴഞ്ഞു കയറ്റങ്ങളെക്കുറിച്ച് തുടക്കത്തിൽ മുന്നറിയിപ്പ് നൽകുകയും ജാഗ്രത പാലിക്കുകയുമുണ്ടായി. വർഗീയലക്ഷ്യത്തോടെ ആർ.എസ്.എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നിയമ ഭേദഗതിയെ മതനിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. അതിലാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.