തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവെ ലൈനുകൾ ഇരട്ടിപ്പിക്കുന്നതിന് റെയിൽവേ 235.45 കോടി രൂപ അനുവദിച്ചു. ഷൊർണൂർ- തിരുവനന്തപുരം ഇരട്ടലൈൻ പദ്ധതിയിൽ ശേഷിക്കുന്ന ചിങ്ങവനം- കോട്ടയം ലൈനിന് 88 കോടി രൂപയും തിരുവനന്തപുരം- കന്യാകുമാരി ഇരട്ടിപ്പിക്കലിന് 133.5 കോടി രൂപയും അമ്പലപ്പുഴ -ഹരിപ്പാട് 18.13 കിലോമീറ്റർ പാത ഇരട്ടിപ്പിക്കുന്നതിന് 13.95 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
എറണാകുളം ഹരിപ്പാട് 87 കിലോമീറ്ററാണ് ഇരട്ടിക്കേണ്ടത്. കഴിഞ്ഞവർഷം 21 കോടി രൂപ അനുവദിച്ചിരുന്നു. എറണാകുളം കുമ്പളം, കുമ്പളം തുറവൂർ, തുറവൂർ അമ്പലപ്പുഴ ഭാഗത്തെക്കുറിച്ച് ബഡ്‌ജറ്റിൽ പരാമർശമില്ല.
തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് അഞ്ചുകോടി മാത്രമാണ് വിനിയോഗിക്കാൻ കഴിയുക. ശേഷിക്കുന്ന 128.5 കോടി രൂപ ബഡ്‌ജറ്റ് വിഹിതത്തിന് പുറമേ നിന്നുള്ളതാണ്. അധിക ഫണ്ട് അനുവദിച്ചാലേ ഈ തുക ലഭിക്കുകയുള്ളൂ.
പുതിയ പാതകളുടെ കാര്യത്തിലും തിരിച്ചടിയാണ് ഉണ്ടായത്. തിരുനാവായ- ഗുരുവായൂർ, അങ്കമാലി - ശബരിമല പാതകൾക്ക് 1000 രൂപ വീതമാണ് അനുവദിച്ചത്. ഷൊർണൂർ - എറണാകുളം ഭാഗത്ത് മൂന്നാമത്തെ ട്രാക്ക് അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു.
നേമം, കൊച്ചുവേളി വികസനമില്ല
തിരുവനന്തപുരം ഡിവിഷന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ നേമം, കൊച്ചുവേളി ടെർമിനലുകളുടെ വികസനത്തിനും തിരിച്ചടിയേറ്റു. കൊച്ചുവേളി രണ്ടാം ടെർമിനലിന് അരക്കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നേമം ടെർമിനലിന് പണമില്ല. കൊച്ചുവേളി, എറണാകുളം ഡിപ്പോകളിൽ യന്ത്രവത്കൃത കോച്ച് വാഷിംഗ് സൗകര്യമൊരുക്കുമെന്നതാണ് ഏകനേട്ടം. ഇതിന് 1.74 കോടി വീതം അനുവദിച്ചു.