തിരുവനന്തപുരം: ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ പേരിൽ യാക്കോബായ വിഭാഗക്കാർക്ക് സെമിത്തേരികൾ നിഷേധിക്കുന്നെന്ന പരാതി പരിഹരിക്കാൻ കൊണ്ടുവന്ന ബില്ലിലെ അവ്യക്തത മാറ്റുന്നതിതിന് തിരുത്തൽ വരുത്തും. ബിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താനായാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
ക്രിസ്ത്യാനികളുടെ ശവം അടക്കം ചെയ്യുന്നതിനും ശവസംസ്കാര ശുശ്രൂഷകൾക്കും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷാംഗികമായതോ ആയ കാര്യങ്ങൾക്കും വ്യവസ്ഥ ചെയ്യുന്ന ബിൽ എന്ന ആമുഖഭാഗത്താണ് തിരുത്തൽ വരുത്തുക. 'ക്രിസ്ത്യാനികളുടെ' എന്നതിന് പകരം 'മലങ്കര ഓർത്തഡോക്സ്, യാക്കോബായ വിഭാഗത്തിൽ പെട്ട ക്രിസ്ത്യാനികളുടെ' എന്നാക്കി മാറ്റും. ഇന്നലെ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ വയ്ക്കേ മുഖ്യമന്ത്രിയാണ് ഇകാര്യം അറിയിച്ചത്. സബ്ജക്ട് കമ്മിറ്റിയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണിത്.
അവ്യക്തത തുടരുന്നത് മറ്റ് ക്രിസ്ത്യൻ സഭകളിൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കഴിഞ്ഞ ദിവസം ബില്ലിന്റെ ചർച്ചാവേളയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. അവ്യക്തതയുണ്ടെങ്കിൽ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ഭേദഗതി കൊണ്ടുവരാമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ബിൽ അവതരിപ്പിച്ച നിയമമന്ത്രി എ.കെ. ബാലനും പറഞ്ഞിരുന്നു.