തിരുവനന്തപുരം: സംസ്ഥാനത്തിന് വായ്പാ പരിധി ഉയർത്താത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കേവലം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കമല്ലെന്നും പിന്നിൽ രാഷ്ടീയമാണെന്നും ധനമന്ത്രി തോമസ് ഐസക്. അതുകൊണ്ടാണ് ബഡ്ജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ താൻ രാഷ്ട്രീയം പറഞ്ഞതെന്ന് മാദ്ധ്യമ പ്രവർത്തകരോട് ഐസക് പറഞ്ഞു.
കേന്ദ്രം ഞെരുക്കാൻ ശ്രമിച്ചാലും കേരളത്തിന് ഇനി പിടിച്ചുനിൽക്കാനാകും. 2019 ഏറ്റവും മോശമായ വർഷമായിരുന്നു. വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. കേന്ദ്ര വിഹിതവും വലിയ തോതിൽ കുറഞ്ഞു. ക്രമീകരിക്കാനാകാത്ത വിഭവ വിടവാണ് അനുഭവപ്പെട്ടത്. വലിയ ഞെരുക്കം അനുഭവപ്പെട്ടിട്ടും ചെലവ് ചുരുക്കിയില്ല. ഈ വർഷവും ചെലവ് ചുരുക്കില്ല. റവന്യൂ ചെലവിനൊപ്പം മൂലധന ചെലവും ഗണ്യമായി ഉയർത്തും.
ഭൂമി വില ഉയരുന്നതിനനുസരിച്ച് ന്യായവില വർദ്ധന ന്യായമാണ്. നികുതി കുടിശികത്തർക്കം അനന്തമായി നീട്ടാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് ആംനസ്റ്റി പ്രഖ്യാപിച്ചത്. നേരത്തെയുള്ള തീർപ്പാക്കൽ പദ്ധതിയിൽ പലിശയും പിഴപ്പലിശയും ഒടുക്കണമായിരുന്നു. ഇതിലെല്ലാം ഇളവ് നൽകുകയാണ്. കാർ വാങ്ങുന്നതിനെക്കാൾ ലാഭം വാടകയ്ക്കെടുക്കുന്നതാണ്. റെഗുലേറ്ററി അതോറിട്ടികൾക്ക് കാർ വാങ്ങുന്നതിന് തടസമില്ലെന്നും ഐസക് പറഞ്ഞു.