തിരുവനന്തപുരം: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലായേഴ്സ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം റോഡരികിൽ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ അസോസിയേഷൻ നേതാക്കൾ തടഞ്ഞു. തർക്കം രൂക്ഷമായതോടെ ബോർഡുകൾ നീക്കം ചെയ്യാതെ ജീവനക്കാർ മടങ്ങി. ഇന്നലെ രാത്രി 9ഓടെ പാളയം അയ്യങ്കാളി ഹാളിന് സമീപത്തായിരുന്നു സംഭവം. ഹാളിന് മുന്നിൽ സ്ഥാപിച്ച ബോർഡുകളാണ് നീക്കം ചെയ്യാനെത്തിയത്. പൊതുനിരത്തിലെ ബോർഡുകൾക്കെതിരെ വിധി പ്രസ്‌താവിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പങ്കെടുക്കുന്ന പരിപാടിയുടെ ബോർഡാണ് സംഘാടകർ സ്ഥാപിച്ചിരുന്നത്. ജസ്റ്റിസ് എത്തുന്നതിന് മുമ്പ് പൊതുനിരത്തിലെ ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ജീവനക്കാർ എത്തിയത്. വക്കീലന്മാർ കൈയേറ്റം ചെയ്‌തെന്നാണ് ജീവനക്കാരുടെ പരാതി.