missing-baby

തിരുവനന്തപുരം: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ മൂന്നുവയസുകാരനെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അലമാരയിൽ നിന്ന് കണ്ടെത്തി. ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിവേട്ടയ്ക്ക് സമീപം ചെറിയ ആര്യനാട്ട് കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കളിക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്.

ആദ്യം ബന്ധുക്കൾ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഒടുവിൽ നാട്ടുകാരും ഒപ്പംകൂടി. ഇതിനിടെ ആര്യനാട് പൊലീസും വീട്ടിലെത്തി.വിവരം വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. ഒരുമണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ അലമാരയ്ക്കുള്ളിൽ നിന്ന് കുട്ടിയെ കണ്ടെത്തി. കളിക്കുന്നതിനിടെ അലമാരയിൽ കയറിക്കൂടിയ കുട്ടി ഇതിനുള്ളിൽ ഇരുന്ന് ഉറങ്ങിപ്പോയതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്. ആദ്യം അലമാരയ്ക്കുള്ളിൽ നോക്കിയെങ്കിലും വസ്ത്രം വീണ് കിടന്നതിനാൽ കുഞ്ഞിനെ കാണാനായില്ല.