തിരുവനന്തപുരം: കുടുംബശ്രീയുടെ സഹകരണത്തോടെ 25 രൂപയ്ക്ക് ഊണ് കിട്ടുന്ന ആയിരം ഹോട്ടലുകൾ സംസ്ഥാനത്ത് തുറക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം ചർച്ചയാകുമ്പോൾ കീശചോരാതെ ആയിരങ്ങളെ അന്നമൂട്ടിയ മാവേലി ഹോട്ടലുകളുടെ അവസ്ഥയിലേക്ക് പോകരുതേ എന്ന പ്രാർത്ഥനയിലാണ് ഭക്ഷണപ്രേമികൾ.
കൈയിലുള്ള കാശനുസരിച്ച് വിശപ്പും ദാഹവും അകറ്റാൻ ഊണും പലഹാരങ്ങളും ചായയും കാപ്പിയുമായി ഇഷ്ടവിഭവങ്ങളുടെ കലവറയായിരുന്നു ഒരുകാലത്ത് സിവിൽ സപ്ളൈസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന അന്നപൂർണ മാവേലി ഹോട്ടലുകൾ. ന്യായ വിലയ്ക്ക് ഭക്ഷണം ഉറപ്പാക്കാൻ പത്ത് വർഷം മുമ്പ് (2010) ഇടതു സർക്കാരിന്റെ കാലത്താണ് മാവേലി ഹോട്ടൽ ആരംഭിച്ചത്. എന്നാൽ, ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറി, പലചരക്ക് സാധനങ്ങളുടെയും വിലയിലും കൂലിച്ചെലവിലുമുണ്ടായ വർദ്ധനയ്ക്ക് അനുസരിച്ച് സപ്ലൈകോയുടെ സബ്‌സിഡി കിട്ടാത്തതും സാമ്പത്തിക പ്രതിസന്ധിയും മാവേലി ഹോട്ടലുകൾക്ക് ഒന്നൊന്നായി താഴ് വീഴാൻ കാരണമായി.
ഭക്ഷ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുക, കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ന്യായവില മാവേലി ഹോട്ടൽ തുടങ്ങിയത്. സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റിൽ നിന്നും അരിയും പലവ്യഞ്ജനങ്ങളും സബ്‌സിഡി നിരക്കിൽ നൽകി സർക്കാർ നിശ്ചയിക്കുന്ന വിലയിൽ ഭക്ഷണം വിതരണം ചെയ്യണമെന്നായിരുന്നു കരാർ. ഇതനുസരിച്ച് വിവിധയിടങ്ങളിലായി 97 മാവേലി ന്യായവില ഹോട്ടലുകൾ തുടങ്ങുകയും ചെയ്തു.
ഒരു വർഷം പൂർത്തിയാക്കും മുമ്പ് ഇത്തരം ഹോട്ടലുകൾക്ക് സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് സർക്കാർ നിറുത്തി. ഇതോടെ ഹോട്ടലുകൾ നടത്തികൊണ്ടുപോകാൻ കഴിയാതെ കരാറുകാർ പ്രതിസന്ധിയിലായി. അങ്ങനെ ഹോട്ടലുകൾ ഒന്നൊന്നായി പൂട്ടി.
പ്രതിസന്ധികളെ തരണം ചെയ്ത് തിരുവനന്തപുരം ശ്രീകാര്യത്തെ മാവേലി ഹോട്ടൽ അടുത്തകാലം വരെ പ്രവർത്തിച്ചിരുന്നെങ്കിലും ഉടമയായ ബാബു നിൽക്കക്കള്ളിയില്ലാതെ മൂന്നുവർഷം മുമ്പ് അതും പൂട്ടി. സർക്കാർ സഹായമില്ലാതെ അടച്ചുപൂട്ടുമ്പോൾ 25 രൂപയ്ക്കായിരുന്നു ബാബു ഊണ് നൽകിയിരുന്നത്. ചോറ്, ഒഴിച്ചുകറി, പപ്പടം, തോരൻ, അവിയൽ, അച്ചാർ എന്നിവയായിരുന്നു ഊണിന് വിഭവങ്ങൾ മത്സ്യത്തിന്റെ ലഭ്യത അനുസരിച്ച് ചില ദിവസങ്ങളിൽ ചാളയും നെത്തോലിയുമൊക്കെ വിഭവങ്ങളായി പ്രത്യക്ഷപ്പെട്ടിരുന്നു.
സമീപത്തെ ഹോട്ടലുകളിൽ 45 മുതൽ 60 രൂപാ വരെ ഊണിന് ഈടാക്കുമ്പോഴായിരുന്നു ഇത്. ദിവസവും 350 ഓളം ഊണുകൾ വിറ്റുപോകാറുണ്ടായിരുന്നു. പലഹാരങ്ങൾക്കും ചായയ്ക്കും അഞ്ചു രൂപയായിരുന്നു.
ബാബുവും കുടുംബവുമായിരുന്നു ഹോട്ടലിലെ പാചകക്കാരും ജോലിക്കാരും. ഹോട്ടൽ നിലനിറുത്താൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തും ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തും ബാബു സെക്രട്ടേറിയറ്റിലും സിവിൽ സപ്ളൈസ് ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ ഹോട്ടൽ പൂട്ടി ബാബുവും കുടുംബവും ജീവിക്കാൻ മറ്റ് മാർഗങ്ങൾ തേടിയതോടെ ന്യായവിലയ്ക്ക് ഭക്ഷണം കഴിച്ചിരുന്നവർക്കാണ് തിരിച്ചടിയായത്. അതുപോലുള്ള അവസ്ഥ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 25യ്ക്ക് ഊണുനിൽകുന്ന ഹോട്ടലുകൾക്കും ഉണ്ടാകരുതെന്നാണ് ഭക്ഷണപ്രിയരുടെ അഭ്യർത്ഥന.
മാവേലി ഹോട്ടൽ
തുടക്കം-2009
പൂട്ടിയത്-2010
എണ്ണം-97
ഒടുവിൽ പൂട്ടുവീണത് ശ്രീകാര്യത്തെ മാവേലി ഹോട്ടലിന്