ബഡ്ജറ്റെഴുതാൻ വിഴിഞ്ഞം കടൽത്തീരത്ത് ബീഡിയും പുകച്ചിരിക്കുമ്പോൾ ഐസക് സഖാവിന്റെ മനസിൽ പലഭാവത്തിലും പല രൂപത്തിലും കവികളും കലാകാരന്മാരും പ്രത്യക്ഷപ്പെടാറുണ്ട്. ഭക്തകവികൾ തൊട്ട് നിമിഷകവികൾ വരെയും വെണ്മണിക്കവികൾ തൊട്ട് ഖണ്ഡകാവ്യം മാത്രമെഴുതുന്ന മഹാകവികൾ വരെയും അക്കൂട്ടത്തിലുണ്ടാവും. മനസിനകത്ത് വരി നിൽക്കുന്ന കവികളിൽ പു.ക.സ കവികളുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്താൻ പോലുമാവാറില്ലാത്തതിനാൽ നുള്ളിപ്പെറുക്കി ഒന്നോ രണ്ടോ കവികളെ തിരഞ്ഞെടുക്കാറാണ് പതിവ്. എന്നാൽ പു.ക.സയിലില്ലെങ്കിൽ പോലും നല്ല ഒന്നാന്തരം പുരോഗമന കവിതകളെഴുതുന്ന ഒരു കവിയുടെ രൂപം പ്രത്യക്ഷപ്പെടുന്നതോടെ ഐസക് സഖാവ് പുകച്ച ബീഡി വലിച്ചെറിഞ്ഞ് സ്വപ്നത്തെ മുറിച്ചുകടക്കാൻ ശ്രമിക്കുന്നത് കണ്ടവരുണ്ട്.
ഐസക് സഖാവിനെ വിരട്ടുന്ന ആ കവി ആരാണെന്ന് ഇന്റലിജന്റ്സ് വൃത്തങ്ങളെക്കൊണ്ട് അന്വേഷിപ്പിക്കാൻ പിണറായി സഖാവ് ചട്ടംകെട്ടിയപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സത്യമായിരുന്നു. 'ഉറങ്ങണം, എനിക്കുറങ്ങണം, പക്ഷേ ഉറങ്ങാൻ ഒട്ടും കഴിയുന്നില്ലല്ലോ...' എന്നിങ്ങനെയുള്ള വരികൾ ഉറക്കെയുറക്കെ പാടുന്ന കവിയെയാണ് ഇന്റലിജന്റ്സ് വൃത്തങ്ങൾ കണ്ടുപിടിച്ചത്. ഈ കവിയെ കണ്ടമാത്രയിൽ തന്നെ ഐസക് സഖാവ് ബഡ്ജറ്റെഴുത്ത് അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും അപ്പോൾ മറ്റാരൊക്കെയോ ചേർന്ന് തിരിച്ചുപിടിച്ച് കൊണ്ടുവന്ന് നിർബന്ധിച്ച് എഴുതിക്കുകയുമായിരുന്നു എന്നും പറയുന്നു. ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോഴാണ് പിണറായി സഖാവ് ഞെട്ടിപ്പോയത്. അത് സുധാകരമന്ത്രിയായിരുന്നു.
എല്ലാവരും പറയുന്നു, ഐസക് സഖാവ് വഴിയിൽക്കണ്ട കവികളെയെല്ലാം തേടിപ്പിടിച്ച് ബഡ്ജറ്റിലുൾപ്പെടുത്തിയിട്ടും തൊട്ടയൽപക്കത്തെ കവിയായ സുധാകരമന്ത്രിയെ ഒഴിവാക്കിക്കളഞ്ഞുവെന്ന്. സംഗതിയുടെ ഇരിപ്പുവശം അവർക്കറിയില്ലല്ലോ. സുധാകരമന്ത്രിയുടെ പൂച്ച, ഉറക്കം, ആരാണ് നീ ഒബാമ എന്ന് തുടങ്ങി അസംഖ്യം കവിതകൾ ഐസക് സഖാവിന്റെ ഓർമ്മയിൽ മിന്നിത്തിളങ്ങി നിന്നിട്ടും ഒരു വരിയെങ്കിലും അതിലേതിലെങ്കിലും നിന്ന് ഉദ്ധരിക്കാതിരുന്നതിന്റെ സാംഗത്യം കണ്ടുപിടിക്കാനായിരുന്നു ഇന്റലിജന്റ്സിനെ പിണറായി സഖാവ് ചുമതലപ്പെടുത്തിയത്. അപ്പോഴാണ് നേരത്തേ പറഞ്ഞ ആ നഗ്നസത്യം അവർ കണ്ടെത്തിയത്.
രബീന്ദ്രനാഥ ടാഗോർ മുതൽ വാണിയംകുളം സ്കൂളിലെ ത്വാഹിദ ഷിർ എന്ന കുട്ടിയുടെ കവിത വരെ ഇത്തവണത്തെ ബഡ്ജറ്റിൽ ഉദ്ധരിച്ച ഐസക് സഖാവ് സത്യത്തിൽ തികഞ്ഞ വിവേചനമാണ് സുധാകരമന്ത്രിയോട് കാണിച്ചത്. എന്തിനേറെപ്പറയുന്നു പ്രമുഖ പു.ക.സ കവിയായ വിനോദ് വൈശാഖിയുടെ കവിത പോലും ഉദ്ധരിച്ചുകളഞ്ഞു ! ഐസക് സഖാവിന്റെ സ്വന്തം കിഫ്ബിക്ക് കിംഫിയെന്ന ഉപമാനം നൽകി ആദരിക്കാൻ വെമ്പൽകൊള്ളുന്ന കവിയാണ് സുധാകരമന്ത്രി എന്ന് ആർക്കും അറിയാത്തതല്ല. എന്നിട്ടും, സ്വപ്നത്തിൽ നിന്ന് പോലും ഐസക് സഖാവ് ആട്ടിയകറ്റാൻ മാത്രം എന്ത് പാപമാണ് കവിമന്ത്രി ചെയ്തതെന്ന് അറിയാൻ ഇന്നാട്ടുകാർക്കെല്ലാം അവകാശമുണ്ട്.
ഐസക് സഖാവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ബഡ്ജറ്റിലെ ഈ സാഹിത്യമെഴുത്ത്. വി.എസ് ഭരിക്കുന്ന കാലത്ത് ബഷീറിന്റെ പാത്തുമ്മയുടെ ആടിനെയെടുത്ത് ബഡ്ജറ്റുണ്ടാക്കി തുടങ്ങിയതാണ്. പതിമൂന്ന് ബഡ്ജറ്റെഴുതിയ മാണിസാർ പോലും അതുകണ്ട് അമ്പരന്ന് പോയത്രെ. ഐസകിന്റെ കവിതാബഡ്ജറ്റിനെ മറികടക്കാൻ മാണിസാർ കടുകട്ടി സംസ്കൃതശ്ലോകങ്ങളെ ബഡ്ജറ്റിൽ ഉദ്ധരിക്കുകയുണ്ടായി. നിയമസഭയിൽ ആ സംസ്കൃതശ്ലോകം കേട്ട് മോഹാലസ്യത്തിനടുത്തോളം എത്തിപ്പെട്ട സാമാജികരുണ്ട്. ഐസക് സഖാവ് പക്ഷേ സംസ്കൃതത്തെ തൊടാൻ മെനക്കെട്ടിട്ടില്ല. കഴിഞ്ഞ കൊല്ലവും കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള ഏതാണ്ടെല്ലാ കവികളെയും തപ്പിപ്പിടിച്ച് കൊണ്ടുവന്ന് ബഡ്ജറ്റിൽ കേറ്റാനാണ് സഖാവ് ശ്രമിച്ചത്. ഇപ്പോൾ വന്നുവന്ന്, ഐസകിന്റെ ബഡ്ജറ്റിലേക്ക് എന്നുപറഞ്ഞ് തന്നെ കവികൾ കവിതകൾ രചിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് കേൾവി.
ഐസകിന്റെ ബഡ്ജറ്റിലേക്ക് വേണ്ടി എന്നും പറഞ്ഞ് കവിതയെഴുതുന്ന ഏർപ്പാട് സുധാകരമന്ത്രിക്ക് പറ്റില്ല. മന്ത്രിക്ക് പേപ്പറും പേനയും കൈയിലെടുത്താൽ സ്വമേധയാ കവിത പുറത്തേക്കൊഴുകലാണ്. അതൊരു വല്ലാത്ത പ്രക്രിയയാണ്. അത് മനസിലാക്കിയിട്ടെങ്കിലും ഐസക് സഖാവ് സുധാകരമന്ത്രിയുടെ കവിതയുടെ മഹത്വം തിരിച്ചറിയണമായിരുന്നു. അത് ചെയ്യാത്തത് കൊണ്ടുതന്നെ അതൊരു മികച്ച ബഡ്ജറ്റാവുന്നില്ലെന്ന് മനസിലാക്കുക.
കെ.എം. മാണിയുടെ പേരിലുള്ള ഫൗണ്ടേഷന് അഞ്ച് കോടി പ്രഖ്യാപിച്ച ഐസക് സഖാവ് അങ്ങേയറ്റത്തെ കടുത്ത വിവേചനം പ്രകടമാക്കിയെന്ന് പറയാതിരിക്കാനാവില്ല. മാണിസാറിന്റെ പതിമൂന്നാമത്തെ ബഡ്ജറ്റവതരിപ്പിക്കൽ മഹോത്സവത്തിന് ഐസക് സഖാവിന്റെ കൈകോർത്ത് പിടിച്ചുള്ള നൃത്തം ഒരകമ്പടിയായിരുന്നത് പോട്ടെ. ശിവൻകുട്ടി സഖാവിന്റെ തവളച്ചാട്ടം എന്നൊരു ഐറ്റം ഡാൻസെങ്കിലും കണ്ടിട്ടുള്ളവർ അവിടെ ഒരു അവശകലാകാര പെൻഷനെങ്കിലും പ്രതീക്ഷിച്ചു. അതുണ്ടാവാത്തത് തീർത്തും കഷ്ടമായിപ്പോയി. മാണിസാർ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തീർച്ചയായും സഭയ്ക്കകത്ത് അദ്ദേഹം പ്രതിഷേധമുയർത്തുമായിരുന്നു. കെ.എം.മാണി ഫൗണ്ടേഷന് അഞ്ചുകോടി പ്രഖ്യാപിച്ചപ്പോൾ ഭരണപക്ഷം ഡസ്കിലിടിക്കുന്നത് കണ്ട പ്രതിപക്ഷം കരയണോ ചിരിക്കണോ എന്നറിയാതെ ഉഴലുകയായിരുന്നു. ഇനി അതല്ല, ജോസ് മോന്റെ അന്തരംഗത്തിൽ വലതൊഴിഞ്ഞ് ഇടതുമാറി വല്ല തിരയിളക്കവും പിണറായിസഖാവ് പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിനുത്തരമില്ല. കാണാൻ പോകുന്ന പൂരം കണ്ടുതന്നെ അറിയണം!
പന്തീരാങ്കാവിൽ രണ്ട് ചെറുപ്പക്കാർക്കെതിരെ കരിനിയമമെടുത്തത് പിണറായിപ്പൊലീസാണ്. എന്നുവച്ച് എൻ.ഐ.എയ്ക്ക് ഈ വീട്ടിലെന്താണ് കാര്യമെന്ന് പിണറായി സഖാവിന് മനസിലാകുന്നില്ല. എൻ.ഐ.എയെ ആട്ടിയോടിക്കാൻ അമിത്ഷായുടെ കാല് പിടിക്കൂവെന്ന് ചെന്നിത്തലഗാന്ധി പറഞ്ഞപ്പോൾ അതൊരു കുറച്ചിലല്ലേയെന്ന് പിണറായി സഖാവ് ചിന്തിച്ചതായിരുന്നു. പക്ഷേ കോഴിക്കോട്ടെ കാര്യങ്ങൾ ഓർത്തുനോക്കിയപ്പോൾ അമിത്ഷായെങ്കിൽ അമിത്ഷാ, കാലെങ്കിൽ കാല് എന്ന് ചിന്തിക്കാനേ പിണറായി സഖാവിന് സാധിച്ചുള്ളൂ. കാര്യം കാണാൻ ഏത് കാലും പിടിക്കേണ്ടി വരുമെന്ന് ഏത് പിണറായി സഖാവിനും മനസിലാക്കാനാവും.
ഇ-മെയിൽ: dronar.keralakaumudi@gmail.com