രാജ്കോട്ട്: സ്വന്തം പ്രണയിനിയെ കാണാനായി ഒരാൾ എത്ര ദൂരംവരെ പോകും?ഏഴ് കടലും കടന്ന് പോയേക്കാം. എന്നാൽ, ഇവിടത്തെ കഥാനായകന് ഏഴ് കടലൊന്നും കടക്കേണ്ടി വന്നില്ല. രണ്ടാഴ്‌ചയിലൊരിക്കൽ ഗുജറാത്തിലെ രജൗലയിൽ നിന്നും സാവർകുന്ദ്ല വരെ ഏകദേശം 50 - 60 കിലോമീറ്ററുകൾ ദൂരം തന്റെ മൂന്ന് കൂട്ടുകാർക്കൊപ്പം സഞ്ചരിച്ചാണ് കക്ഷിയുടെ പോക്ക്. ഇതിലെന്താണ് ഇത്ര അത്ഭുതം എന്ന് നെറ്റി ചുളിക്കാൻ വരട്ടെ. കഥയിലെ ഹീറോ ഒരു മനുഷ്യനല്ല. പിന്നെയോ, ആൾ കാട്ടിലെ രാജാവായ സിംഹമാണ്. !
കിലോമീറ്ററുകൾക്കപ്പുറമുള്ള പെൺ സിംഹത്തെ കാണാനുള്ള ആൺ സിംഹത്തിന്റെ ഈ അസാധാരണ സവാരി രജൗലയിലെയും സാവർകുന്ദ്ലയും ഗ്രാമീണരും ലയൺ ട്രാക്കേഴ്സും കഴിഞ്ഞ ഒരു വർഷമായി നിരീക്ഷിച്ച് വരികയായിരുന്നു. ഏകദേശം 4-5 വയസ് പ്രായമുള്ളവരാണ് ഈ നാല് ആൺ സിംഹങ്ങളും. രജൗലയിലെ ദുംഗാർ ഗ്രാമത്തിൽ നിന്നും ഗ്യാംഗായി പുറപ്പെടുന്ന ഈ നാല് പേരും സാവർകുന്ദ്ലയിലെ അംബാർടി ഗ്രാമത്തിലെത്തിക്കഴിഞ്ഞാൽ കൂട്ടത്തിലെ ഒരാൾ അവിടുത്തെ ഒരു പെൺ സിംഹത്തിനൊപ്പം നിലയുറപ്പിക്കും. കൂടെ വന്ന മൂന്ന് കൂട്ടുകാരാകട്ടെ ഇവർക്ക് ഒരു ശല്യവുമുണ്ടാക്കാതെ അവിടെയും ഇവിടെയുമൊക്കെ ചുറ്റിത്തിരിയും. വർഷങ്ങളായി ഗുജറാത്ത് ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനാണ് രസകരമായ ഈ കാര്യം ആദ്യമായി മാദ്ധ്യമങ്ങളോട് പറയുന്നത്. ഇദ്ദേഹം സിംഹങ്ങളെ നാളുകളായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
മൂന്നോ നാലോ സിംഹങ്ങൾ ഒറ്റക്കെട്ടായി നടക്കാറുണ്ട്. ഇക്കൂട്ടർ പുതിയ വാസസ്ഥലങ്ങൾ കണ്ടെത്തുകയും ക്രമേണ പെൺ സിംഹത്തെ കണ്ടെത്തുന്നതോടെ കൂട്ടുകെട്ട് വിട്ട് പോകുകയും ചെയ്യുമത്രെ.
കിഴക്കൻ ഗിർ വനാന്തരങ്ങളിലെ പാട്ഡ മേഖലയിൽ നിന്നുള്ളവരാണ് ഈ നാല് ആൺ സിംഹങ്ങളും. ഒരു വർഷം മുമ്പാണ് ഇവർ രജൗലയിലേക്ക് താമസം മാറ്റിയത്. കിലോമീറ്ററുകൾ നടന്ന് കൂടുതൽ പ്രദേശങ്ങൾ കൂടി തങ്ങളുടെ അധീനതയിലാക്കുകയാണ് ഇക്കൂട്ടർ. അതേ സമയം സിംഹങ്ങളുടെ ഈ യാത്ര പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. പ്രദേശത്തെ വളർത്തുമൃഗങ്ങൾക്ക് ഇവ ഭീഷണിയാകുമെന്നാണ് അവരുടെ ആശങ്ക.