ഡയമണ്ട് പ്രിൻസസ്... പേരു പോലെ തന്നെ കടലിലെ വജ്രത്തിളക്കമുള്ള റാണിയാണ് ഈ ആഡംബര യാത്രാകപ്പൽ. എന്നാൽ, ഇന്ന് ആ തിളക്കമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തെ ഞെട്ടിച്ച കൊറോണ എന്ന മഹാമാരിയുടെ കരിനിഴലിലാണ് ഡയമണ്ട് പ്രിൻസസ് ഇപ്പോൾ. കൊറോണ ഭീതിയെ തുടർന്ന് ജപ്പാന്റെ യോകോഹാമ തീരത്തിനു സമീപം കടലിൽ പിടിച്ചിട്ടിരിക്കുകയാണ് ഈ കപ്പലിനെ. 2666 ലേറെ യാത്രക്കാരുള്ള ഈ കപ്പലിൽ കുറഞ്ഞത് ആറ് ഇന്ത്യക്കാരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്. കൂടാതെ കപ്പലിലെ 1045 ജീവനക്കാരുടെ കൂട്ടത്തിലും ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഈ മാസം 19 വരെ ഡയമണ്ട് പ്രിൻസസ് കടലിൽ തന്നെ തുടരാനാണ് സാദ്ധ്യത. കപ്പലിൽ കൊറോണ വൈറസ് ബാധിച്ചവരിൽ ആരും തന്നെ ഇന്ത്യക്കാരല്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ജീവനക്കാരനും ഇന്ത്യൻ യാത്രക്കാരും ഡയമണ്ട് പ്രിൻസസിനുള്ളിലുണ്ടെന്നും എന്നാൽ, ആർക്കും വൈറസ് ബാധയില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ട്വിറ്ററിൽ കുറിച്ചിരുന്നു.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരെ റിപ്പോർട്ട് ചെയ്യുന്നത് ഡയമണ്ട് പ്രിൻസസിലാണ്. കപ്പലിലുള്ളവരെല്ലാം സുരക്ഷിതരും എല്ലാവർക്കും വേണ്ട സുരക്ഷ ജപ്പാനീസ് ഭരണകൂടം നൽകുന്നുമുണ്ട്. അഞ്ച് ദിവസം കപ്പലിൽ കഴിഞ്ഞ ശേഷം ജനുവരി 25ന് ഹോംങ്കോംഗിൽ ഇറങ്ങിയ 80കാരനായ യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോങ്കോംഗ്, വിയറ്റ്നാം, തായ്‌വാൻ എന്നിവിടങ്ങൾ സന്ദർശിച്ചുള്ള മടക്കയാത്രയിൽ യോകോഹാമ തീരത്തിന് സമീപം കപ്പൽ പിടിച്ചിട്ടത്. കപ്പൽ കരയ്ക്ക് അടുപ്പിക്കാതെ യാത്രക്കാരെ നിരീക്ഷിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരിൽ ജപ്പാൻ, ഹോങ്കോംഗ്, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. 273 പേരെയാണ് കപ്പലിനുള്ളിൽ കൊറോണ ലക്ഷണങ്ങളുമായി കണ്ടെത്തിയത്. ഇതിൽ 61 പേരുടെ രക്തപരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ജപ്പാനിലെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.
ഡയമണ്ട് പ്രിൻസസിലെ യാത്രക്കാരുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തങ്ങൾ കപ്പലിൽ സുരക്ഷിതരല്ലെന്നും ഡൊണാൾഡ് ട്രംപ് തങ്ങളെ രക്ഷിക്കണമെന്നും അമേരിക്കൻ ദമ്പതികൾ സി.എൻ.എൻ ന്യൂസിനോട് പറഞ്ഞിരുന്നു. അതേസമയം,
തങ്ങൾ തൃപ്‌തരാണെന്ന് പറഞ്ഞ് കപ്പലിൽ ഇപ്പോൾ നൽകുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങൾ സഹിതം ചിലർ സാമൂഹ്യമാദ്ധ്യങ്ങളിൽ പോസ്‌റ്റ് ചെയ്‌തു. പാസ്‌ത ഗ്രാറ്റിനും ബീഫ് സ്‌റ്റൂവും പേസ്ട്രിയും ഉൾപ്പെടെയുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ ചിത്രങ്ങളാണ് യാത്രക്കാർ പോസ്‌റ്റ് ചെയ്‌തത്. എന്നാൽ ഈ പോസ്‌റ്റുകളിൽ എത്രത്തോളം വാസ്‌തവമുണ്ടെന്ന് അറിവില്ല.
കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരെ കപ്പലിൽ നിന്നും പുറത്തെത്തിക്കാൻ ജപ്പാന്റെ കോസ്‌റ്റ് ഗാർഡ് 24 മണിക്കൂറും സജീവമാണ്. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസുകൾ തീരത്ത് സജ്ജമാക്കിയിട്ടുണ്ട്. കപ്പലിനുള്ളിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ.
.........................................................................................
കപ്പലിനുള്ളിലെ യാത്രക്കാർക്കെല്ലാം കൃത്യമായ നിർദ്ദേശങ്ങളും ഒപ്പം തെർമോമീറ്ററുകളും നൽകിയിട്ടുണ്ട്. 99.6 ഡിഗ്രി ഫാരൻഹീറ്റിൽ അധികം ശരീരതാപനില ഉയരുകയാണെങ്കിൽ അധികൃതരെ അറിയിക്കാനാണ് നിർദ്ദേശം. കപ്പലിനുള്ളിലെ ചെറിയ കാബിനുകളിൽ ജനാലകളില്ല. ഈ കാബിനുകളിലുള്ളവർക്ക് ചില നിർദ്ദേശങ്ങളോടെ ഓപ്പൺ ഡെക്കിൽ വിശ്രമിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, കർശനമായും ഇവർ മാസ്‌കും ഗ്ലൗസും ധരിച്ചിരിക്കണം. ഗ്രൂപ്പുകളായാണ് ഡെക്കിലേക്ക് പ്രവേശനം. 30 മിനിട്ട് ഇടവേളയിൽ 90 മിനിട്ട് നേരത്തേക്കാണ് ഡെക്കിൽ വിശ്രമം അനുവദിക്കുക. എലിവേറ്ററുകൾ ഉപയോഗിക്കാൻ പാടില്ല. മറ്റുള്ളവരിൽ നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും വേണം. മുറികളിലേക്ക് മടങ്ങുമ്പോൾ സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ നന്നായി കഴുകണം.
..................................................
ജനാലകളും മറ്റു സൗകര്യങ്ങളോടുമുള്ള കാബിനുകളിൽ കഴിയുന്നവരെ ഡെക്കിലേക്ക് പ്രവേശിപ്പിക്കില്ല. മുറികളിൽ ടെലിവിഷനുകളും ഫ്രീ വൈഫൈ സംവിധാനവുമുണ്ട്. മുറികൾ വൃത്തിയാക്കാനും മറ്റും ജീവനക്കാർ എത്താറില്ല. ആവശ്യമുള്ളവർക്ക് സൗജന്യ വൈദ്യസഹായം നൽകുന്നുണ്ട്.
സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ജീവനക്കാരാണ് യാത്രക്കാരുടെ മുറികളിൽ ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണം തിരഞ്ഞെടുക്കുന്നതിനുള്ള മെനു യാത്രക്കാർക്ക് നൽകും. സുഡോക്കു, ക്രോസ് വേർഡ് തുടങ്ങിയ പസിലുകളും സമയം തള്ളി നീക്കാനായി യാത്രക്കാർക്ക് നൽകിയിട്ടുണ്ട്.
ഡയമണ്ട് പ്രിൻസസ്
ഓപ്പറേറ്റർ - പ്രിൻസസ് ക്രൂസസ്, കാലിഫോണിയ
ആദ്യ യാത്ര - 2004ൽ
നീളം - 952 അടി
ഉയരം - 205 അടി
ഡെക്കുകൾ - 13
വേഗത - മണിക്കൂറിൽ 41 കിലോമീറ്റർ