കാട്ടാക്കട: അഗസ്ത്യാർകൂടം ശിവരാത്രി പൂജ 20, 21 തീയതികളിൽ നടക്കുമെന്ന് അഗസ്‌ത്യാർകൂടം ക്ഷേത്ര കാണിക്കാർ ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. അഗസ്ത്യാർകൂടം മുഖ്യപൂജാരി ഭഗവാൻ കാണിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന പൂജകൾക്കായി പൂജാരിമാർ 18ന് അതിരുമല ദേവസ്ഥാനത്ത് എത്തിച്ചേരും. 20ന് രാവിലെ അഗസ്‌ത്യ സന്നിധിയിലും അതിരുമല ദേവസ്ഥാനത്തും ആചാര പ്രകാരമുള്ള പുജയും മറ്റ് ആരാധനകളും നടക്കും. 20ന് രാവിലെ അഗസ്‌ത്യാർകൂടം ക്ഷേത്ര കാണിക്കാർ ട്രസ്റ്റ് ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും ഘോഷയാത്ര കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. നെയ്യാർഡാം ശിവാനന്ദാശ്രമം ഡയറക്ടർ സ്വാമി നടരാജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ഓടെ ഘോഷയാത അതിരുമലയിൽ എത്തിച്ചേരും. തുടർന്ന് രാത്രി അതിരുമലയിൽ ചാറ്റുപാട്ടും ഭജനയും പൂജയും നടക്കും. 21ന് ശിവരാത്രി ദിവസം രാവിലെ 8ന് അതിരുമലയിൽ പൊങ്കാല,​ 8ന് അതിരുമലയിൽ നിന്ന് കുംഭക്കുട ഘോഷയാത്ര,​ ഉച്ചയ‌്ക്ക് 1.30ന് പൊങ്കാലപ്പാറയിൽ ഗണപതിപൂജ. 3ന് ഘോഷയാത അഗസ്‌ത്യ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് അഗസ്‌ത്യസന്നിധിയിൽ മുഖ്യ പൂജാരി ഭഗവാൻ കാണിയുടെ കാർമ്മികത്വത്തിൽ പൂജ,​ വൈകിട്ട് 5ഓടെ അഗസ്‌ത്യസന്നിധിയിലെ പൂജ സമാപിക്കും.