കിളിമാനൂർ: കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ അറബി ഭാഷാപഠനം സാദ്ധ്യമാക്കുന്നതിനും, അറബിക് അദ്ധ്യാപക തസ്തികകൾക്ക് വിദ്യാഭ്യാസ ചട്ടപ്രകാരം നിലവിലുള്ള വിദ്യാർത്ഥി അനുപാതത്തിൽ നിയമനാംഗീകാരം നൽകുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷിസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പുതിയ അറബിക് അദ്ധ്യാപക തസ്തികയ്ക്ക് നിയമന അംഗീകാരം നൽകുന്നതിന് 25 കുട്ടികൾ വീതം തുടർച്ചയായി മൂന്ന് വർഷം വേണമെന്നുള്ള പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശം വിദ്യാഭ്യാസ നിയമങ്ങൾക്ക് വിരുദ്ധവും, വിവേചനപരവുമാണെന്നും അവ പരിശോധിച്ച് നിലവിലുള്ള വിദ്യാഭ്യാസ ചട്ടങ്ങൾക്കനുസരിച്ച് നിയമനാംഗീകാരം നൽകുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, പ്രസിഡന്റ് എ.എ. ജാഫർ എന്നിവർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് കെ.എ.എം.എ നിവേദനം നൽകി.