തിരുവനന്തപുരം: നാടിനെ നടുക്കിയ കൊഞ്ചിറവിള അനന്തു ഭവനിൽ ഗിരീഷ് - മിനി ദമ്പതികളുടെ മകൻ അനന്തുവിന്റെ (21) കൊലപാതകം ഒരുവർഷം പൂർത്തിയാകുമ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ച മൊബൈൽ ദൃശ്യങ്ങൾ കേസിലെ നിർണായക തെളിവാകും. കൊലപാതകത്തിന് മുമ്പ് അക്രമിസംഘം കൂട്ടുകാരന്റെ പിറന്നാൾ ആഘോഷിക്കുന്നത് മുതൽ അനന്തുവിനെ തട്ടിക്കൊണ്ടുവരുന്നതും ക്രൂരമായി മർദ്ദിക്കുന്നതും ഇരു കൈത്തണ്ടയിൽ നിന്നും മാസം അറുത്ത് മാറ്റുന്നതും ഉൾപ്പെടെ ക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് മൊബൈൽ ഫോണിൽ നിന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്തത്. സംഭവ ദിവസം ഉച്ചകഴിഞ്ഞ് പ്രതികളിലൊരാളായ പ്രാവച്ചമ്പലം സ്വദേശി വിഷ്ണുവാണ് മൊബൈലിൽ രംഗങ്ങൾ ഷൂട്ട് ചെയ്തത്.
ചാക്ക ഐ.ടി.ഐ വിദ്യാർത്ഥിയായ അനന്തുവിനെ കഴിഞ്ഞ മാർച്ച് 19ന് വൈകിട്ട് നാലുമണിയോടെ കരമനയ്ക്കടുത്ത് അരശുംമൂട്ടിലെ കടയിൽ ജ്യൂസ് കുടിക്കാൻ നിറുത്തിയപ്പോഴാണ് ബലമായി സ്വന്തം ബൈക്കിൽ തന്നെ നാലംഗസംഘം കയറ്റികൊണ്ടുപോയത്. നാട്ടുകാരിലൊരാൾ തടയാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാർ ഉടൻ പൊലീസിൽ അറിയിച്ചെങ്കിലും കണ്ടെത്താനായില്ല. കൂട്ടുകാരാണ് പിറ്റേന്ന് രാവിലെ പത്തരയോടെ കൈമനം - നിറമൺകര റോഡിൽ അനന്തുവിന്റെ ബൈക്ക് കണ്ടെത്തിയത്. കൈകാലുകൾക്ക് വെട്ടേറ്റ നിലയിലും മുഖവും തലയും കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കിയ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അതിക്രൂരം, ആ ദൃശ്യങ്ങൾ...
ശരീരത്തിലാകമാനം അടിയേറ്റ പാടുകളുമുണ്ടായിരുന്നു. കൊലയാളി സംഘത്തിൽപ്പെട്ട ഒരാളുടെ പിറന്നാൾ ആഘോഷങ്ങൾക്കിടെയാണ് അനന്തുവിനെ ആസൂത്രിതമായി സംഘം അവിടേക്ക് തട്ടിക്കൊണ്ടുവന്നത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മദ്യവും കഞ്ചാവുമൊക്കെ ഉപയോഗിച്ച് ഉൻമാദത്തിലായിരുന്ന പ്രതികൾ ബർത്ത് ഡേ പാർട്ടി നടത്തുന്നത് മുതലാണ് ദൃശ്യങ്ങളുടെ തുടക്കം. ബർത്ത് ഡേ ആശംസകൾ നേരുന്നതും കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. ഹാപ്പി ബർത്ത്ഡേ ഗാനം ആരോ ആലപിക്കുന്നതും കേൾക്കാം. കൂക്ക് വിളികളും അസഭ്യവർഷവും പരസ്പര വിരുദ്ധമായ സംഭാഷണങ്ങളുമെല്ലാം ഉൾപ്പെട്ട വീഡിയോയിൽ അനന്തുവുമായുള്ള പിടിവലി മുതലാണ് കൊലപാതക വീഡിയോയുടെ തുടക്കം. പ്രതികൾ സംഘം ചേർന്ന് അനന്തുവിനെ മർദ്ദിക്കുന്നതും കല്ലിന് മുഖത്തും തലയ്ക്കും ഇടിയ്ക്കുന്നതും വെള്ളത്തിനായി കേണപ്പോൾ മുഖത്ത് അടിക്കുന്നതും തൊഴിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനത്തിൽ അവശനായി പ്രാണനുവേണ്ടി കേഴുമ്പോൾ മുഖ്യപ്രതിയായ പ്രാവച്ചമ്പലം സ്വദേശി വിഷ്ണു,
അനന്തുവിന്റെ കൈകാലുകളിൽ നിന്ന് ഞരമ്പു സഹിതം മാംസം മൃഗീയമായി അറുത്തെടുക്കുകയും രക്തം വാർന്നൊലിക്കുന്ന ആ കാഴ്ചകൾ മൊബൈലിൽ പകർത്തുന്നതും വ്യക്തമായിട്ടുണ്ട്.
കൊലയാളിസംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലത്തെ പിറന്നാൾ ആഘോഷ ദൃശ്യങ്ങൾ കൊലപാതകത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവിന്റെ പക്കൽ നിന്ന് പിടിച്ചെടുന്ന മൊബൈലിലാണ് ഞെട്ടിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഒളിവിൽ പോയപ്പോൾ മൊബൈലിൽ നിന്ന് ഡിലിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ശാസ്ത്രീയ മാർഗങ്ങളിലൂടെ വീണ്ടെടുത്തത്.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ വിഷ്ണുരാജ്, സഹോദരൻമാരായ വിനീഷ് രാജ്, കുഞ്ഞുവാവയെന്ന വിജയരാജ്, സംഘത്തിലെ മറ്റംഗങ്ങളായ ഹരിലാൽ എന്ന നന്ദു, കുട്ടപ്പനെന്ന അനീഷ്, അപ്പു എന്ന അഖിൽ, ശരത്, കിരൺ കൃഷ്ണൻ, മുഹമ്മദ് റോഷൻ, അഭിലാഷ്, അരുൺബാബു, റാം കാർത്തിക് തുടങ്ങി ഓരോരുത്തരുടെയും കൃത്യങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമാണ്. കേസിലെ നിർണായകമായ ഈ തെളിവ് കുറ്റപത്രത്തിൽ അനുബന്ധമായി ചേർക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസി. കമ്മിഷണർ പ്രതാപൻനായർ ഗവ. പ്ളീഡർ മുഖാന്തിരം കോടതിയിൽ നിന്ന് അനന്തുവധക്കേസിന്റെ കുറ്റപത്രം തിരികെവാങ്ങിയത്. ഫോറൻസിക് ലാബിലെ റിപ്പോർട്ട് സഹിതം കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുന്നതോടെ വിചാരണ നടപടികൾ ആരംഭിച്ചേക്കും.