കേന്ദ്ര - സംസ്ഥാന ബഡ്ജറ്റവതരണം കഴിഞ്ഞതോടെ സാമ്പത്തിക - വികസന രംഗങ്ങളിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിലാണ് ജനങ്ങൾ. രാഷ്ട്രീയ ചിന്താഗതിക്കനുസരണമാണ് ഓരോ വ്യക്തിയും ബഡ്ജറ്റുകളെ കാണുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമാണെന്ന് ഭരണ - പ്രതിപക്ഷങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞുകഴിഞ്ഞു. പൊതുബഡ്ജറ്റിന്റെ ഭാഗമായി മാറിയ റെയിൽവേ ബഡ്ജറ്റിന്റെ വിശദാംശങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. വന്നുകഴിഞ്ഞ വിവരങ്ങളനുസരിച്ച് സംസ്ഥാനത്തെ പാടേ തഴഞ്ഞതായിട്ടാണ് മനസിലാകുന്നത്. വർഷങ്ങളായി തുടരുന്ന ഈ അവഗണന കൂടുതൽ ക്രൂരമായ നിലയിൽ ഇത്തവണത്തെ റെയിൽ ബഡ്ജറ്റിലും പ്രകടമാണ്. പുതിയ പാതകളോ ട്രെയിനുകളോ ഒന്നുമില്ല. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്ക് അവശ്യം വേണ്ട വകയിരുത്തലുകൾ ഒഴിച്ചാൽ ശുദ്ധ ശൂന്യമാണ് കേരളത്തിന്റെ കോളം. കഴിഞ്ഞ നിരവധി വർഷങ്ങളായി ആവർത്തിക്കുന്ന ഈ അവഗണനയ്ക്കെതിരെ ബഡ്ജറ്റവതരണം കഴിയുമ്പോൾ ശബ്ദമുയരുന്നതു പതിവാണെങ്കിലും ആവശ്യങ്ങൾ കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനാവശ്യമായ സമ്മർദ്ദ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. ഇവിടെ നിന്നുള്ള എം.പിമാരും ഇക്കാര്യത്തിൽ വിശേഷാൽ താത്പര്യമൊന്നും കാണിക്കാറില്ല. ബഡ്ജറ്റ് സമ്മേളനത്തിനു തൊട്ടുമുമ്പായി സംസ്ഥാന സർക്കാർ വിളിച്ചുകൂട്ടുന്ന യോഗത്തിൽ പോലും മുഴുവൻ എം.പിമാർ പങ്കെടുക്കാറില്ല.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള റെയിൽവേ ബഡ്ജറ്റിൽ കേരളത്തിലെ പാത ഇരട്ടിപ്പിക്കലിനായി ആകെ അനുവദിച്ചിരിക്കുന്നത് 235.45 കോടി രൂപയാണ്. കാൽനൂറ്റാണ്ടിലധികമായി നടക്കുന്ന ഷൊർണൂർ - തിരുവനന്തപുരം പാത ഇരട്ടിപ്പിക്കൽ പൂർണമാകണമെങ്കിൽ ചിങ്ങവനത്തിനും കോട്ടയത്തിനുമിടയ്ക്കുള്ള പാത നിർമ്മാണം പൂർത്തിയാകണം. അതിനുവേണ്ടി ഇത്തവണ 88 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്ഥലമെടുക്കുന്നതിലുണ്ടായ കാലതാമസമാണ് പാതയിരട്ടിപ്പിക്കൽ ഇത്രയും കാലം നീണ്ടുപോകാൻ കാരണം. സർക്കാരിന്റെ ഭാഗത്തുണ്ടായ വീഴ്ച കാരണം കോട്ടയം വഴിയുള്ള ട്രെയിൻ യാത്രക്കാർ നിരവധി വർഷങ്ങളായി ക്ളേശം അനുഭവിക്കുകയാണ്. ഇപ്പോൾ അനുവദിച്ച 88 കോടി രൂപ കൊണ്ട് ചിങ്ങവനത്തിനും കോട്ടയത്തിനുമിടയ്ക്കുള്ള ഇരട്ടപ്പാത നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ അപ്പോഴും കായംകുളത്തിനും എറണാകുളത്തിനുമിടയ്ക്കുള്ള (ആലപ്പുഴ വഴി) ഭാഗത്ത് ഇരട്ടപ്പാത എങ്ങുമെങ്ങും എത്താതെ കിടക്കുകയാണ്. ഹരിപ്പാട് - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കാൻ 14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുച്ഛമായ ഈ തുക ചെലവാക്കിയാലും ഈ ഭാഗത്തെ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുമോ എന്നറിയില്ല. എറണാകുളം - ഹരിപ്പാട് പാത 87 കിലോമീറ്ററാണ്. ഇപ്പോഴത്തെ രീതി വച്ചു നോക്കിയാൽ ഇരട്ടപ്പാത പൂർത്തിയാക്കാൻ ഇനിയും പത്തുവർഷമെങ്കിലും കാത്തിരിക്കേണ്ടിവരും. തിരുവനന്തപുരം - കന്യാകുമാരി ഇരട്ടപ്പാത നിർമ്മാണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ വർഷം ആഘോഷപൂർവം നടന്നതൊഴിച്ചാൽ കാര്യമായ ഒരു പണിയും പിന്നീടു നടന്നില്ല. ഇത്തവണ ബഡ്ജറ്റിൽ 135 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഫണ്ട് കൃത്യമായി എത്തുന്നതിനെ ആശ്രയിച്ചാകും പാതനിർമ്മാണത്തിലെ പുരോഗതി.
പുതിയ പാതകൾക്കായുള്ള സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചിട്ടേയില്ല. തിരുനാവായ - ഗുരുവായൂർ, അങ്കമാലി - ശബരിമല, നിലമ്പൂർ - മൈസുരു പാതകൾ സ്വപ്നപദ്ധതികൾ മാത്രമായി തുടരുമ്പോൾ നിലവിലുള്ള ലൈനുകൾക്ക് താങ്ങാനാവുന്നതിലും അധികമാണ് ഇപ്പോൾ ഓടുന്ന വണ്ടികൾ. ട്രെയിനുകളുടെ ബാഹുല്യം പരിഗണിച്ച് എറണാകുളത്തിനും ഷൊർണൂരിനുമിടയ്ക്ക് ഇപ്പോഴത്തെ പാതയ്ക്കു സമാന്തരമായി മൂന്നാം പാത നിർമ്മിക്കുമെന്നു കേട്ടിരുന്നു. ബഡ്ജറ്റിൽ പ്രസ്തുത നിർദ്ദേശത്തിനും പരിഗണന ലഭിച്ചില്ല. അതുപോലെ തിരുവനന്തപുരം - ചെങ്ങന്നൂർ റൂട്ടിൽ സബർബൻ സർവീസുകൾ തുടങ്ങാൻ ആലോചന നടന്നിരുന്നു. സിഗ്നൽ സംവിധാനം പരിഷ്കരിച്ചാൽ എളുപ്പം നടപ്പാക്കാൻ കഴിയുന്ന പദ്ധതിയാണിത്. റോഡ് യാത്രയിൽ ഇന്ന് അനുഭവപ്പെടുന്ന അഭൂതപൂർവമായ തിരക്കിന് പരിഹാരമെന്ന നിലയ്ക്കാണ് സബർബൻ ട്രെയിൻ സർവീസിനെക്കുറിച്ച് ആലോചിച്ചത്. ഇക്കാര്യത്തിലും സംസ്ഥാന സർക്കാർ വേണ്ടത്ര താത്പര്യം കാണിച്ചതായി തോന്നുന്നില്ല.
പുതിയ ലൈനുകളും ട്രെയിനുകളും അനുവദിക്കാതിരുന്നതിനൊപ്പം അധികം ചെലവു വരാത്ത വികസന പദ്ധതികളോടു പോലും റെയിൽവേ വകുപ്പ് മുഖം തിരിഞ്ഞാണു നിൽക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്കു കണക്കിലെടുത്ത് നേമം, കൊച്ചുവേളി സ്റ്റേഷനുകൾ വലിയ രീതിയിൽ വികസിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ഇത്തവണയും അവയ്ക്ക് ഒരു പരിഗണനയും ലഭിച്ചിട്ടില്ല. കേരളത്തിലെ ട്രെയിൻ യാത്രക്കാർ തുടർന്നും ദുരിതം സഹിച്ചു യാത്ര ചെയ്താൽ മതിയെന്നാണ് റെയിൽവേയുടെ തീരുമാനം. പാത നവീകരണത്തിന്റെ പേരിൽ മാസങ്ങളായി പാസഞ്ചർ വണ്ടികൾ കൃത്യമായി ഇവിടെ ഓടാറില്ല. ഒട്ടുമിക്ക ദിവസങ്ങളിലും അവ റദ്ദാക്കപ്പെടുന്നു. വൈകി ഓടലും റൂട്ട് മാറ്റവും പതിവായിക്കഴിഞ്ഞു. ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് എല്ലാം തോന്നുംപടിയാണ് കാര്യങ്ങൾ.സുരക്ഷിതത്വ നടപടികൾ വളരെ കുറവാണ്. അതിനാൽ പണ്ടെങ്ങും കേട്ടുകേൾവിയില്ലാത്ത രീതിയിൽ യാത്രക്കാരെ കൊള്ളയടിയും ഇപ്പോൾ തുടങ്ങിയിരിക്കുന്നു.
വർഷങ്ങളായി പറഞ്ഞുകേൾക്കുന്ന തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതികളെക്കുറിച്ച് സംസ്ഥാന ബഡ്ജറ്റിലും സൂചന പോലുമില്ല. അതിവേഗ പാതയുടെ കാര്യം മാത്രമാണ് പറയുന്നത്. നഗരത്തിലെ ഗതാഗതത്തിരക്കു കുറയ്ക്കാൻ വേണ്ടിയുള്ള ലൈറ്റ് മെട്രോ പദ്ധതികൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.