01

പോത്തൻകോട്: ഭർത്താവുമൊന്നിച്ച് റോഡ് ക്രോസ് ചെയ്യാൻ നിന്ന നവവധുവിന്റെ ദേഹത്ത് ഓടിക്കൊണ്ടിരുന്ന ക്രയിനിന്റെ ഡോർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. മൂന്ന് ദിവസം മുമ്പ് വിവാഹിതരായ മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപം ബിബിന കോട്ടേജിൽ അനീഷിന്റെ ഭാര്യ അരുണിമയ്ക്കാണ് (30) പരിക്കേറ്റത്. വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മുരുക്കുംപുഴയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് അരുണിമയുടെ ശ്രീകാര്യത്തെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം. കഴക്കൂട്ടം അൽ ദുമാൻ സ്‌കൂളിന് മുന്നിൽ കഴിഞ്ഞ ദിവസം രാവിലെ 11നായിരുന്നു സംഭവം. അൽ ദുമാൻ സ്‌കൂളിന് എതിർവശത്തെ റോഡിൽ ബൈക്ക് നിറുത്തിയ ശേഷം അരുണിമയ്ക്ക് പുതിയ ഹെൽമറ്റ് വാങ്ങാൻ ഇരുവരും സ്‌കൂളിന് സമീപത്തെ കടയിൽ പോയി തിരികെ ഹെൽമറ്റുമായി റോഡ് ക്രോസ് ചെയ്ത്, കണിയാപുരം - കഴക്കൂട്ടം റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിൽ നിൽക്കുമ്പോഴായിരുന്നു അപകടം. കൈക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം കഴക്കൂട്ടം മിഷൻ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴക്കൂട്ടത്ത് നിന്നും വെട്ടുറോഡേയ്ക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ദേശീയ പാത അതോറിട്ടിയുടെ കൂറ്റൻ ക്രയിനിന്റെ ഡോർ താനേ തുറന്ന് യുവതിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണ അരുണിമയെ ഭർത്താവ് അനീഷും ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിൽ യുവതി പലവട്ടം ഛർദിച്ചതോടെയാണ് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അനീഷ് തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരനാണ് . വഴുതക്കാട്ടെ സർക്കാർ സ്ഥാപനമായ കെ -ഡിസ്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് അരുണിമ. കഴക്കൂട്ടം പൊലീസ് കേസെടുത്തു.