dinesh-mohan

മോഡലിംഗ് യുവതീയുവാക്കളുടെ കുത്തകയാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇന്നത്തെ യുവ മോഡലുകളുടെയെല്ലാം പ്രതിഫലം ഒറ്റയ്‌ക്ക് വാങ്ങാൻ കപ്പാസിറ്റിയുള്ളയാളാണ് ദിനേഷ് മോഹൻ എന്ന 61കാരൻ. യുവാക്കളെ കടത്തിവെട്ടുന്ന കിടിലൻ ലുക്കിലെത്തുന്ന ദിനേഷ് മോഹൻ ഫാഷൻ ഷോകളിലെ താരമാണ്. ഫ്രെയിമിൽ മാത്രമല്ല ജീവിതശൈലിയിലും ദിനേഷ് മോഹൻ ആൾ പുലിയാണ്. 50 കിലോ കുറച്ചാണ് ഇന്നത്തെ ലുക്ക് ദിനേഷ് ഈ പ്രായത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. അതും അമിത വിശപ്പ് രോഗത്തിനെ അതിജീവിച്ച്.!

ഹരിയാനയിലെ വിദ്യാഭ്യാസ വകുപ്പിലായിരുന്നു ദിനേഷ് മോഹന് ജോലി. രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് മണി വരെയുള്ള ഓഫീസ് ജോലി ദിനേഷിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. കടുത്ത അസംതൃപ്തനായതോടെയാണ് ദിനേഷ് ഫിറ്റ്നെസിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. അമിതഭാരം കാരണം ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ പോലും ദിനേഷിന് ബുദ്ധിമുട്ടായിരുന്നു. തലചുറ്റൽ, ഡയബെറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ദിനേഷിനുണ്ടായിരുന്നു. 2004ൽ ദിനേഷ് ജോലിയിൽ നിന്നും വോളന്ററി റിട്ടയർമെന്റ് വാങ്ങി. 2014ലാണ് ആദ്യമായി ജിമ്മിൽ എത്തുന്നത്. പിന്നീട് തന്റെ ആരോഗ്യത്തിലായി ശ്രദ്ധ മുഴുവനും. 10 മാസത്തിനുള്ളിലാണ് ദിനേഷ് 50 കിലോ കുറച്ചത്. 130 കിലോയിൽ നിന്നും 80 കിലോയിലെത്താൻ കൃത്യമായ ഭക്ഷണക്രമമാണ് ദിനേഷ് സ്വീകരിച്ചത്. ജങ്ക് ഫുഡിനൊടെല്ലാം ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ് ദിനേഷ് ഇപ്പോൾ.

കട്ട ഫിറ്റ്നസ് ഫ്രീക്കായ ദിനേഷ് ഒരൊറ്റ ദിവസം പോലും വർക്ക്ഔട്ട് മുടക്കാറില്ല. ഒരു മണിക്കൂർ നീണ്ടു നില്ക്കുന്ന വർക്ക്ഔട്ടിൽ 40 മിനിട്ട് കാർഡിയോയും 20 മിനിട്ട് വെയ്റ്റ് ട്രെയിനിംഗുമാണ്. ദിവസം 50 പുഷപ്പുകളാണ് ദിനേഷ് ചെയ്യുന്നത്. സഹോദരി മൊണയ്‌ക്കും ഭർത്താവിനുമൊപ്പമാണ് ദിനേഷ് ഇപ്പോൾ താമസിക്കുന്നത്. 2016ൽ ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയ ദിനേഷിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മോഡലിംഗ് രംഗത്തെ ഇന്ത്യൻ ജോർജ് ക്ലൂണിയെന്നാണ് ദിനേഷ് അറിയപ്പെടുന്നത്. മോഡലിംഗിൽ മാത്രമല്ല, സൽമാൻ ഖാന്റെ 'ഭാരത് ' ഉൾപ്പെടെയുള്ള ചില ചിത്രങ്ങളിലും പരസ്യങ്ങളിലും ദിനേഷ് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അപ്പൂപ്പന്റെ പ്രായമുള്ള സൂപ്പർ മോഡൽ ദിനേഷിനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ തിരക്കുകൂട്ടുകയാണ് യുവാക്കൾ.