കടയ്ക്കാവൂർ: ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് കനിഞ്ഞതോടെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ പത്താം നമ്പർ അങ്കണവാടിയിലെ കുട്ടികളുടെ ദുരിതത്തിന് പരിഹാരമാകുന്നു. ഒരു തകര ഷെഡിലെ വരാന്തയിൽ ആയിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്
കയർത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത്. സ്ഥലമില്ലാത്തതു കാരണം ഇവർക്ക് കെട്ടിടം നിർമ്മിച്ചു കൊടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ഈ ദുരിതാവസ്ഥ മനസിലാക്കി ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സുരേന്ദ്രൻ ബ്ളോക്ക് പഞ്ചായത്തിലെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാല് സെന്റ് വസ്തു അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് വാങ്ങി നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഐ.സി.ഡി.എസ് സഹകരണത്തോടുകൂടി ഈ വസ്തുവിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികളാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ കെട്ടിടനിർമ്മാണത്തിന് തറക്കല്ലിട്ടു. വാർഡ് മെമ്പർ എസ്. പ്രവീൺ ചന്ദ്ര, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, ഷെറിൻ ജോൺ, കായിക്കര അശോകൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി ജയറാം, തൊഴിലുറപ്പ് പദ്ധതി എൻജിനിയർ ഷംനാദ് എസ്, ഓവർസിയർ പ്രമോദ് പി.എസ്, സി. അജിത എന്നിവർ പങ്കെടുത്തു.