oda

കിളിമാനൂർ: സുരക്ഷാവേലിക്കു പുറമേ ഓട നിർമാണവും വയ്യാവേലിയാകുന്നു. സംസ്ഥാന പാതയോട് ചേർന്ന് പ്രധാന ജംഗ്ഷനുകളിൽ റോഡിനെയും നടപ്പാതയെയും വേർതിരിച്ചു കൊണ്ട് കെ.എസ്.ടി.പി.നിർമ്മിക്കുന്ന സുരക്ഷാ വേലിയാണ് കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും ഇതു വരെ വയ്യാവേലിയായിരുന്നതെങ്കിൽ ഇപ്പോൾ തലവേദനയാകുന്നത് മാസങ്ങളായി തുടങ്ങിയ ഓs നിർമ്മാണമാണ്. റോഡരികിലെ കച്ചവട സ്ഥാപനങ്ങളെയും മറച്ച് വേലി സ്ഥാപിച്ചതോടെ കടകളിലേക്ക് ഉല്പന്നങ്ങൾ വാങ്ങാൻ എത്തുന്നവർ വളരെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണുണ്ടായിരുന്നത്. ഇപ്പോൾ ഓട നിർമിക്കാൻ മണ്ണിളക്കി ഇട്ടിരിക്കുന്നത് കാരണമാണ് വ്യാപാരികളും, കാൽ നടക്കാരും ബുദ്ധിമുട്ടുന്നത്. കടകളിൽ എത്തുന്നവർ കുഴിയിൽ വീഴുന്നതും നിത്യസംഭവമാണ്. ഉണ്ടായിരുന്ന ഹൈമാസ് ലൈറ്റ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി സംസ്ഥാന പാതയിൽ തന്നെ കുഴി എടുത്തിരിക്കുന്നതും കൂടുതൽ അപകടത്തിന് കാരണമാകുന്നു. മാസങ്ങളായി തുടങ്ങിയ ഓട നിർമ്മാണം ഇപ്പോഴും ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. വേണ്ടത്ര ജോലിക്കാരോ, നീരീക്ഷണത്തിന് ഉദ്യോഗസ്ഥരോ സ്ഥലത്ത് എത്താറില്ലെന്ന പരാതിയുമുണ്ട്. വേനൽ കാലമായതോടെ പൊടി ശല്യവും രൂക്ഷമായിട്ടുണ്ട്.

എത്രയും വേഗം ഓട നിർമ്മാണം പൂർത്തിയാക്കി സ്ലാബുകൾ സ്ഥാപിക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം.