തിരുവനന്തപുരം: പുത്തരി ചോറിനൊപ്പം നാലുകൂട്ടം തൊടുകറിയും പരിപ്പും സാമ്പാറും പപ്പടവും. വിശേഷ ദിവസങ്ങളിൽ പായസം. സുഭിക്ഷമാവും ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 25 രൂപ ഊണ്. ഒരു മാസത്തിനകം വിളമ്പിത്തുടങ്ങും.
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ 1000 ഹോട്ടലുകളാണ് തുറക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലും 93 മുനിസിപ്പാലിറ്റികളിലും ഓരോ ഭക്ഷണശാലയാണ് ആലോചന. കോർപറേഷനുകളിൽ സാദ്ധ്യതയനുസരിച്ച് അഞ്ചുവരെ യൂണിറ്റുകൾ തുടങ്ങും.
തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കെട്ടിടവും മറ്റ് സൗകര്യങ്ങളുമൊരുക്കും. ഇതിനായി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും ലഭ്യമാക്കുന്നതിന് സപ്ലൈകോയുമായി ചർച്ചയാണ് അടുത്ത പടി.
ധന, തദ്ദേശ, സിവിൽ സപ്ലൈസ് വകുപ്പു മന്ത്രിമാരുടെ ചർച്ച ഉടനെയുണ്ടാവും. സെക്രട്ടേറിയറ്റിലടക്കം വിവിധ സ്ഥാപനങ്ങളിൽ നിലവിൽ കുറഞ്ഞ നിരക്കിൽ ഊണ് നൽകുന്നുണ്ട്. ഈ മാതൃക പരിശോധിക്കും. സർക്കാർ സഹായമില്ലാതെ 20 രൂപയ്ക്ക് ഊണ് നൽകുന്ന സ്ഥാപനങ്ങളെക്കുറിച്ചും പഠിക്കും. കാഞ്ഞങ്ങാട് ധർമ്മചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ 20 രൂപ ഊണ് പ്രശസ്തമാണ്.
5 പേർ വീതമുള്ള ഗ്രൂപ്പ്
തദ്ദേശസ്ഥാപങ്ങളിലെ സംരംഭക യൂണിറ്റുകളെ തീരുമാനിച്ച ശേഷം സ്ഥലം തിരഞ്ഞെടുക്കും. ഓരോ ഗ്രൂപ്പിലും അഞ്ചു പേരുണ്ടാകും. ഇവർക്ക് സ്‌കിൽ ട്രെയിനിംഗ് നൽകും. കഫെ കുടുംബശ്രീ മാതൃകയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള വായ്പ ഇവർക്ക് അനുവദിക്കും. നഗരങ്ങളിൽ സർക്കാർ വക കെട്ടിടത്തിന് ശ്രമിക്കും. മറ്റു സ്ഥലങ്ങളിൽ സംരംഭക ഗ്രൂപ്പ് നേരിട്ട് കെട്ടിടം കണ്ടെത്തും. ഒരേ പേരും, നെയിംബോർഡിന് ഒരേ സ്റ്റൈലും നൽകും. കുടുബശ്രീ സംസ്ഥാനത്ത് 2577 കഫെ യൂണിറ്റുകൾ നടത്തുന്നുണ്ട്.
ആയിരം യൂണിറ്റുകൾ ആരംഭിച്ചാൽ 5000 വനിതകൾക്ക് തൊഴിലാവും. അതിനാൽ പദ്ധതി വേഗം നടപ്പാക്കും. ഹോട്ടലുകളിൽ കുടുംബശ്രീയുടേതായ പ്രത്യേക വിഭവങ്ങളും ഉണ്ടാകും.
-ഹരികിഷോർ .എസ്
എക്സിക്യൂട്ടിവ് ഡയറക്ടർ , കുടുംബശ്രീ മിഷൻ