തിരുവനന്തപുരം: കാർഷികത്തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമാക്കാൻ വഴിയൊരുക്കുന്ന കേന്ദ്ര ബഡ്ജറ്റിനെതിരെ 18ന് എൽ.ഡി.എഫ് നേതൃത്വത്തിൽ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും പ്രതിഷേധയോഗവും നടത്തും. 12 മുതൽ 18 വരെ കേന്ദ്ര ബഡ്ജറ്റിനെതിരെ നടക്കുന്ന ദേശീയ കാമ്പയിന്റെ ഭാഗമായാണ് 140 നിയമസഭാ മണ്ഡലങ്ങളിലും പ്രതിഷേധം നടത്തുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.
എൽ.ഐ.സി അടക്കം രാജ്യത്തിന്റെ പൊതുസ്വത്ത് വൻതോതിൽ വിറ്റഴിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര ബഡ്ജറ്റ് കേരളത്തെ പാടേ തഴഞ്ഞിരിക്കുകയാണ്. സംസ്ഥാനം സമർപ്പിച്ച ഒരു പദ്ധതിയും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. റെയിൽവേ വികസനം, എയിംസ്, റെയിൽകോച്ച് ഫാക്ടറി, ശബരി റെയിൽപാത തുടങ്ങിയവയ്ക്ക് ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. പ്രളയദുരന്തം നേരിടുന്നതിനുള്ള സഹായം അനുവദിച്ചതിൽ കേരളത്തോട് കാണിച്ച ക്രൂരത ബഡ്ജറ്റിലും ആവർത്തിച്ചു. ജനവിരുദ്ധ ബഡ്ജറ്റിനെതിരായ പ്രക്ഷോഭത്തിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.