തിരുവനന്തപുരം: പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പീഡന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ 28 അതിവേഗ സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ നാലും തൃശൂർ, മലപ്പുറം ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്നും വീതം കോടതികൾക്കാണ് കേന്ദ്രാനുമതി കിട്ടിയത്. ഇതോടെ എല്ലാ ജില്ലകളിലും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളാവും.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പോക്‌സോ കോടതികൾ സ്ഥാപിക്കുന്നത്. ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കിൽ 28 എണ്ണത്തിന് 21 കോടി രൂപയാണ് ചെലവ്. 60:40 അനുപാതത്തിലാണ് പണം ചെലവിടുക. കെട്ടിടം ലീസിനോ വാടകയ്‌ക്കോ എടുക്കും.
ഓരോ കോടതിയും വർഷം 165 കേസുകളെങ്കിലും തീർപ്പാക്കും. കോടതിയിൽ ഒരു ജുഡിഷ്യൽ ഓഫീസറും 7 മറ്റ് സ്റ്റാഫും ഉണ്ടായിരിക്കും. ആവശ്യത്തിന് ജുഡിഷ്യൽ ഓഫീസർമാർ ലഭ്യമല്ലെങ്കിൽ വിരമിച്ചവരെ നിയമിക്കും.
12,234
സംസ്ഥാനത്ത് തീർപ്പാക്കാനുള്ള പോക്‌സോ കേസുകൾ
56
സ്ഥാപിക്കുനുദ്ദേശിക്കുന്ന ഫാസ്റ്റ് ട്രാക്ക് കോടതികൾ