feb08a

ആറ്റിങ്ങൽ; ഇടയ്ക്കോട് പൂവത്തറ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷ പരിപാടിക്കിടയിൽ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇടയ്ക്കോട് ആനൂപ്പാറ പാറവിള വീട്ടിൽ സതീശനെ (48)​ മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ മൂന്നു പ്രതികളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഇടയ്ക്കോട് ഊരൂപൊയ്ക ശ്രീ ഭൂതനാഥൻ കാവിന് സമീപം പുളിയിൽക്കാണി വീട്ടിൽ കുര്യൻ എന്നു വിളിക്കുന്ന വിനീത് (25)​ ഇടയ്ക്കോട് ഊരൂപൊയ്ക ലക്ഷം വീട്ടിൽ ആദർശ് (23)​ ഊരൂപൊയ്ക കാട്ടുവിള പുത്തൻ വീട്ടിൽ പഞ്ചായത്ത് എന്നു വിളിക്കുന്ന രാഹുൽദേവ് (22)​ എന്നിവരാണ് പിടിയിലായത്. ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസമായ ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. പ്രമാദമായ കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവർ ക്ഷേത്ര പറമ്പിലുള്ളത് തദ്ദേശവാസികൾ തിരിച്ചറിഞ്ഞിരുന്നു. പിടിച്ചു പറി, മാലമോഷണ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നതിനാൽ ഉത്സവക്കമ്മി​റ്റി ഭാരവാഹികൾ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. നാടൻപാട്ട് ആരംഭിച്ചതോടെ സ്‌​റ്റേജിന് വശത്തായി മാറി നിന്ന് നൃത്തം ചെയ്തിരുന്ന ചെറുപ്പക്കാർക്കിടയിലേക്ക് അക്രമി സംഘം ഒത്തുചേർന്നു. തമ്മിലടിപ്പിച്ച് സംഘർഷം സൃഷ്ടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഉത്സവക്കമ്മി​റ്റി ഭാരവാഹികൾ എത്തി നിയന്ത്റിക്കാൻ ശ്രമിച്ചപ്പോൾ ഗുണ്ടാസംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. കൈയിൽ കിട്ടിയവരെയെല്ലാം മർദ്ദിച്ചു. വടിവാളും വെട്ടുകത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ എടുത്ത് വീശിയതോടെ നാട്ടുകാർ പലവഴിക്ക് ഓടി. അക്രമികളെ ഭയന്ന് റോഡിലേക്ക് ഓടിയിറങ്ങിയ സതീശനെ പിന്നാലെയെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. തലയിലും തോളിലും വെട്ടേ​റ്റ സതീശൻ ഇപ്പോഴും ചികിത്സയിലാണ്. ശ്രീകാര്യം രാജേഷ് വധക്കേസിലെ പ്രതി ഉൾപ്പെടെയുള്ളവരാണ് അക്രമികളെന്ന് നാട്ടുകാർ സംഭവ ദിവസം തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ബേബിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ സി.ഐ വി.വി ദിപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സനൂജ്,​ ജോയി,​ എ.എസ്.ഐ മാരായ പ്രദീപ്,​ ഫിറോസ് ഖാൻ,​ പൊലീസുകാരായ രാജീവ്,​ സിയാദ്,​ ഷിജു,​ അനീഷ്,​ നിതിൻ,​ ഗിരീഷ് രാജ്,​ ഷിജു,​ അനൂപ്,​ സുനിൽരാജ് എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതികളെ പിടികൂടിയത്.