വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന വികസനോത്സവം 14ന് പുതിയ അഗ്രോസർവീസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്റി വി.എസ്.സുനിൽകുമാർ തുടക്കം കുറിക്കും. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ്ഹാൾ, തുണിസഞ്ചിയാണ് ബദൽ പദ്ധതി, മിനിആഡിറ്റോറിയം, ജീവനി പദ്ധതി, തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ടിയുളള ഇ.ആർ.പി സോഫ്റ്റ്‌വെയർ, ആയിരം വീടുകളിൽ അടുക്കളത്തോട്ടം, 1500 വീടുകളിൽ മുട്ടക്കോഴി വളർത്തൽ പദ്ധതി, ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും നടപ്പിലാക്കുന്ന സമ്പൂർണ ക്ലാസ്റൂം ലൈബ്രറി പദ്ധതി, പനയറ മുത്താന ശ്രീനിവാസപുരം സ്കൂളുകളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ, ഹൈടെക് അങ്കണവാടി, നവീകരിച്ച ബഡ്സ്കൂൾ, നവീകരിച്ച ആയുർവേദാശുപത്രി മന്ദിരം, വലിയവിള കുന്നുവിള റോഡ്, സ്കൂളുകളിൽ നിർമ്മിച്ച ജൈവ വൈവിദ്ധ്യ പാർക്ക്, ഇ-വേസ്റ്റ് കളക്ഷൻ സെന്റർ, കുടുംബശ്രീ അംഗങ്ങളുടെ ഫയൽബോർഡ് നിർമ്മാണ യൂണിറ്റ്, ശ്രീനിവാസപുരം കോളനി വികസന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും വാദ്യോപകരണങ്ങളുടെയും പഠനോപകരണങ്ങളുടെയും, കുടുംബശ്രീയൂണിറ്റുകൾക്കുളള റിവോൾവിംഗ് ഫണ്ടിന്റെയും വിതരണം, കുടുംബശ്രീ അംഗങ്ങൾക്ക് തയ്യൽ പരിശീലനം, കാർഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം, ദന്ത - നേത്ര രോഗനിർണയ മെഡിക്കൽ ക്യാമ്പുകൾ, കുഷ്ഠരോഗ നിർണയക്യാമ്പ്, സ്നേഹത്തുമ്പി മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ വികസനോത്സവത്തോടനുബന്ധിച്ച് നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം, വൈസ് പ്രസിഡന്റ് അജി, സെക്രട്ടറി വി.സുപിൻ എന്നിവർ അറിയിച്ചു. മന്ത്റിമാരായ എ.സി.മൊയ്തീൻ, കെ.കെ.ശൈലജ എന്നിവരും അഡ്വ. വി.ജോയി എം.എൽ.എ, അടൂർപ്രകാശ് എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ജില്ലാപഞ്ചായത്തംഗം വി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് തുടങ്ങിയവരും വികസനോത്സവത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.