മുടപുരം: അഴൂർ ഗണപതിയാം കോവിൽ ജംഗ്‌ഷനിൽ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ നിലകൊള്ളുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി പുനർനിർമ്മിക്കണമെന്നാവശ്യം ശക്തമാകുന്നു. ചിറയിൻകീഴ്, അഴൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് ഗണപതിയാംകോവിൽ ജംഗ്‌ഷൻ. കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് ചിറയിൻകീഴ് പഞ്ചായത്തിലാണ്. ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിലെ ഈ ജംഗ്‌ഷനിൽ മാടൻവിളയിൽ നിന്നും വരുന്ന റോഡും കോളിച്ചിറയിൽ നിന്നും വരുന്ന റോഡും സന്ധിക്കുന്നു.
ചിറയിൻകീഴ് നിന്നും പെരുങ്ങുഴി വഴി ചെമ്പഴന്തി എസ്.എൻ. കോളേജ്, ആൾ സെയിന്റ്‌സ് കോളേജ്, സെന്റ് സേവിയേഴ്‌സ് കോളേജ് ഉൾപ്പെടെ ധാരാളം കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ മുട്ടപ്പലം മംഗലപുരം വഴി പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും അഴൂർ കടവ് വഴി മാടൻവിള പോകുന്ന കെ.എസ്.ആർ.ടി.സി ബസുകളും ഈ ജംഗ്‌ഷൻ വഴിയാണ് കടന്നു പോകുന്നത്. അതിനാൽ നിരവധി പേരാണ് ഇവിടെ ബസ് കാത്തു നിൽക്കുന്നത്.
മൂന്ന് മാസം മുൻപ് ഒരു കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. ഇത് സംബന്ധിച്ച് പൊലീസ് കേസ് നിലവിലുണ്ട്.
കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര താങ്ങുന്ന മെറ്റൽ തൂണുകൾ തകർന്ന നിലയിലാണ്. അത് തുരുമ്പിച്ച് ദ്രവിച്ച നിലയിലുമാണ്. കമ്പികൾ വളഞ്ഞ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർന്നുള്ള വീടിനും കടയിലും സ്ഥാപിച്ചിട്ടുള്ള മെറ്റൽ ഷീറ്റ് താങ്ങിയാണ് നിലകൊള്ളുന്നത്. അതിനാൽ ഏതു നിമിഷവും താഴെ വീഴാവുന്ന അവസ്ഥയിലാണ്. അപകടം ഉണ്ടാകും മുൻപ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു പുതിയത് നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.