പ്രദേശത്ത് സമാന്തര ഭരണം
തിരുവനന്തപുരം: അടിമലത്തുറയിൽ തീരദേശത്ത് ഭൂമി കൈയേറിയ സംഭവത്തിൽ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി.
ഇപ്പോഴും അനേകം വീടുകളുടെ നിർമ്മാണം ഇവിടെ നടക്കുന്നതായും അടിമലത്തുറ ഫാത്തിമാ പള്ളി വികാരിയുടെ മേൽനോട്ടത്തിൽ പുറമ്പോക്കിൽ 200 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ആരാധനാലയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നതായും റിപ്പോർട്ടിലുണ്ട്. പുറമ്പോക്കിൽ അനധികൃതമായി കൺവെൻഷൻ സെന്ററും പണിതിട്ടുണ്ട്.
നേരത്തേ വില്ലേജ് ഓഫീസർ, സർവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി നിർമ്മാണം നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ല. ഇവിടെയുള്ള സ്ഥലം നിരവധി പേർക്ക് കാശ് വാങ്ങി കൈമാറിയതായി വില്ലേജ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഈ പ്രദേശത്ത് സമാന്തര ഭരണമാണ് നടക്കുന്നതെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ട്. ഇന്റലിജൻസ് എ.ഡി.ജി.പി യും ഇതുസംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയാതാണ് സൂചന.